ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാകണമെന്നും രോഗബാധിതരായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 

തിരുവനന്തപുരം: ഓരോ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പരിധിയിലുള്ള വാര്‍ഡുകള്‍ സമ്പൂര്‍ണ പകര്‍ച്ചവ്യാധി മുക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ പങ്കാളികളാകണം. വാര്‍ഡില്‍ യോഗം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്കിടയ്ക്ക് വിലയിരുത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാകണം. രോഗബാധിതരായവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരെ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. 

കിടപ്പ് രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് പരിചരണം ഉറപ്പാക്കണം. പനിബാധിച്ചവര്‍ക്ക് തുടര്‍പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യ രംഗത്ത് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍. ഫീല്‍ഡ് തലത്തില്‍ ശരിയായ അവബോധം നല്‍കുന്നതിന് ഓരോരുത്തരും പരിശ്രമിക്കണം. ഏത് പനിയാണെങ്കിലും നിസാരമായി കാണരുത്. രോഗം വന്നാല്‍ ചികിത്സ തേടാന്‍ നാട്ടുകാരെ പ്രേരിപ്പിക്കണം. ആരോഗ്യ ബോധവത്ക്കരണത്തിന് പ്രതിരോധത്തില്‍ വലിയ പങ്കുവഹിക്കാനാകും.

കൊതുകിന്റെ ഉറവിട നശീകരണത്തിനായി വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള അവബോധം നല്‍കണം. വെള്ളി, ശനി, ഞായര്‍ ഡ്രൈ ഡേ ആചരിക്കുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായോ മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം പ്രതിരോധം ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Read More : അയങ്കാളിയെ അപമാനിച്ച് മോർഫ് ചെയ്ത ചിത്രവുമായി 'കുകുച' ഗ്രൂപ്പിൽ പോസ്റ്റ്, പരാതിയുമായി മുൻ എംഎൽഎ, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News