സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുത്തിട്ടും പദ്ധതി ചെലവ് പകുതി പോലും ആയിട്ടില്ല. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ എട്ട് ശതമാനം കുറവെങ്കിലും, പ്ലാനിൽ മാറ്റം വരുത്താനാണ് നിലവിൽ സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് വിവരം. 

തിരുവനന്തപുരം: കടമെടുപ്പ് പരിധിയിലെ കടുംവെട്ട് അടക്കം കേന്ദ്ര നടപടികൾ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കിയ സംസ്ഥാനത്ത് വികസന പദ്ധതികളുടെ നടത്തിപ്പും കടുത്ത പ്രതിസന്ധിയിൽ. സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുത്തിട്ടും പദ്ധതി ചെലവ് പകുതി പോലും ആയിട്ടില്ല. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ എട്ട് ശതമാനം കുറവെങ്കിലും, പ്ലാനിൽ മാറ്റം വരുത്താനാണ് നിലവിൽ സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് വിവരം. 

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിൽ കടമെടുപ്പ് പരിധിയിൽ നിന്ന് 5,600 കോടി വെട്ടിയ കേന്ദ്രത്തിന്‍റെ ഇരുട്ടടിയിൽ നിന്ന് കരകയറാൻ തിരക്കിട്ട ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളമടക്കം നിത്യ ചെലവുകൾ തട്ടിമുട്ടിപോകുമെങ്കിലും ക്ഷേമ പെൻഷൻ അടക്കം വിവിധ ആനുകൂല്യങ്ങളുടെ കാര്യത്തിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണ്. കടപരിധി കുറച്ച നടപടി പുനപരിശോധിക്കുന്നതിനൊപ്പം ഊര്‍ജ്ജമേഖലയിലെ പരിഷ്കരണത്തിന് കിട്ടേണ്ട തുകയും ഒപ്പം വിവിധ പദ്ധതികൾക്ക് വരുത്തിയ കുടിശികയും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. പ്രതിസന്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നിരിക്കെ അടുത്ത ബജറ്റിൽ അധിക വിഭവ സമാഹരണത്തിനുള്ള വഴി നിര്‍ദ്ദേശിക്കാൻ വിദഗ്ധരടങ്ങിയ വിപുലമായ സമിതി ഉണ്ടാക്കി സ‍‍ർക്കാര്‍ അഭിപ്രായം തേടുന്നുണ്ട്. 

'കോയമ്പത്തൂരിൽ സ്വന്തം തണിക്കമ്പനി, ഇരട്ടി ലാഭം'; കൊച്ചിക്കാരി രമ്യയുടെ വാക്ക് വിശ്വസിച്ചു, പോയത് 85 ലക്ഷം!

നിത്യ ചെലവുകളിൽ മാത്രമല്ല പദ്ധതി നടത്തിപ്പിനും ധനപ്രതിസന്ധി ഉണ്ടാക്കിയത് വലിയ ബാധ്യതയാണ്. 52 ഭരണവകുപ്പുകളിലായി 230 നിര്‍വഹണ ഏജന്‍സികളുടേയും1034 തദ്ദേശഭരണ സ്ഥാപനങ്ങളുടേയും കണക്ക് എടുത്താൽ സാമ്പത്തിക വർ‍ഷാവസാനത്തോട് അടുത്തിട്ടും ചെലവ് പകുതിയായിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 48.22 ശതമാനവും വകുപ്പുകള്‍ 48.01 ശതമാനവുമാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതി നടത്തിപ്പിന് ആകെ ചെലവഴിച്ചത് 3.17 ശതമാനം മാത്രം. ഫണ്ടിന്‍റെ കുറവ് പരിഗണിച്ചാണ് മൊത്തം പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള ആലോചന. നടപ്പ് വര്‍ഷത്തെ അടങ്കൽ തുകയായ 38,629 കോടിയി നിന്ന് എട്ട് ശതമാനം വരെ കുറവ് അടുത്ത ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന. പദ്ധതികളുടെ നടത്തിപ്പും കണക്കും തമ്മിലെ പൊരുത്തക്കേട് ഒഴിവാക്കാമെന്നാണ് വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള സംസ്ഥാന ബജറ്റ് വഴി വിവിധ വിഭാഗങ്ങളെ കയ്യിലെടുക്കാൻ സർക്കാറിന് ആഗ്രമുണ്ട്, പക്ഷെ കയ്യിൽ പൈസയില്ലാത്തതാണ് കയ്യടിനേടാനുള്ള പ്രഖ്യാപനങ്ങൾക്കുള്ള തടസ്സം.

https://www.youtube.com/watch?v=Ko18SgceYX8