രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസെടുത്തു. ഇതോടെ മുൻ കേസിൽ ലഭിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം തുടങ്ങി.

പത്തനംതിട്ട: മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് മറ്റൊരു കേസുമുണ്ട്. വീണ്ടും കേസിൽ പ്രതിയായതിനാൽ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം നടത്തുകയാണ്.

അതിജീവിതയെ അധിക്ഷേപിച്ചതിന് നേരത്തെ രഞ്ജിതക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചു. അതേ വിഷയത്തിൽ വീണ്ടും കേസുകൾ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് രഞ്ജിതയുടെ വാദം. ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാളെ ജയിലിൽ അടക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് രഞ്ജിത പ്രതികരിച്ചു. കോടതി ജാമ്യം നൽകിയിട്ടും പൊലീസ് പഴുതുകൾ തേടുന്നത് എന്തിനാണെന്നാണ് രഞ്ജിതയുടെ ചോദ്യം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ പിടിക്കപ്പെടും എന്നായപ്പോൾ പിണറായി വിജയന്റെ ഭരണകൂടത്തിന് ഉണ്ടായ ഭയമാണ് തനിക്ക് എതിരെയുള്ള ഈ വേട്ടയാടലിന് പിന്നിലെന്നും രഞ്ജിത ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയിലാണ് കേസ് എടുത്തത്. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞു. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും ശ്രീനാദേവി ചോദിച്ചു. ശ്രീനാദേവിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിനും അതിജീവിത പരാതി നൽകി.