യുവാവിന്‍റെ സാമ്പിളുകൾ വീണ്ടും പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. നിലവിൽ ഐസൊലേഷൻ വാർഡിലുളള ആർക്കും നിപ രോഗ ബാധയില്ല.

കൊച്ചി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. യുവാവിന്‍റെ സാമ്പിളുകൾ വീണ്ടും പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. നിലവിൽ ഐസൊലേഷൻ വാർഡിലുളള ആർക്കും നിപ രോഗ ബാധയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 

രോഗബാധിതനായ യുവാവുമായി അടുത്തിടപഴകിയ 52 പേ‍ർക്കും രോഗബാധയില്ല. ഇതിനിടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ പറവൂരിൽ വവ്വാലുകളെ പിടികൂടിത്തുടങ്ങി. ഇവയുടെ ശ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. കളമശേരി മെഡിക്കൽ കോളേജിൽ 30 പേരെ പാർപ്പിക്കാവുന്ന പുതിയ ഐസൊലേഷൻ യൂണിറ്റും ഇന്ന് സജ്ജമാക്കി. ഇതിന്‍റെ ട്രയൽ റൺ ഇന്നുരാവിലെ പൂർത്തീകരിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന്‍റെ ഭാഗമായിട്ടാണിതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

രോഗിയുടെ ഒരു സാംപിൾ മാത്രം പോസിറ്റീവ്

327 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ഇതില്‍ മുഴുവന്‍ പേരെയും ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു. ഇതിൽ അതീവ ഗുരുതര വിഭാഗത്തിലുള്ള 52 പേര്‍ക്കാണ് നിപ ലക്ഷണങ്ങളില്ലെന്ന് വ്യക്തമായിരിക്കുന്നത്.