കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കേസിന്‍റെ വിചാരണക്കിടെ മാതാപിതാക്കള്‍ പ്രതി റോബിന്‍ വടക്കുംചേരിക്കെതിരെ കൂറുമാറിയിരുന്നു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് വിചാരണ നടത്തണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയുമാണ് തലശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.  കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്നും  ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന ആവശ്യം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.