രാഹുൽ ഗാന്ധിക്കെതിരെയും നെഹ്റു കുടുംബത്തിനെതിരെയും താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ല. അഭിമുഖത്തിലെ വാചകങ്ങൾ അപൂർണ്ണമായി പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തി. രാഹുൽ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായാൽ സ്വാഗതം ചെയ്യുമെന്നും പി ജെ കുര്യൻ പറഞ്ഞു. 

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിൽ വിശദീകരണവുമായി കോൺ​ഗ്രസ് നേതാവ് പി ജെ കുര്യൻ. രാഹുൽ ഗാന്ധിക്കെതിരെയും നെഹ്റു കുടുംബത്തിനെതിരെയും താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ല. അഭിമുഖത്തിലെ വാചകങ്ങൾ അപൂർണ്ണമായി പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ പരത്തി. ജി - 23 യുടെ സമീപനം എന്തെന്ന ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തത്. വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയാൽ അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞതെന്നും പി ജെ കുര്യൻ.

സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽഗാന്ധിയെന്ന് കേരളശബ്ദത്തിന് നൽകിയ അഭിമുഖത്തിൽ പി ജെ കുര്യൻ ആരോപിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നെഹ്റു കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യൻ തുറന്നടിച്ചിരുന്നു.

Read Also: 'രാഹുൽ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവ്', വിമ‍ര്‍ശിച്ച് പി ജെ കുര്യൻ

അതേസമയം, പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം ഉണ്ടായി. ഇരുവർക്കുമെതിരായ പരാതികളിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കട്ടെയെന്ന് രാഷ്ട്രീയകാര്യസമിതി നിലപാടെടുത്തു. പി ജെ കുര്യനും, സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മൂലം മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ നിന്ന് വിട്ടുനിന്നു

അംഗത്വവിതരണത്തിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യസമിതിയോഗം മുതിർന്ന നേതാക്കൾക്കെതിരായ വിമർശനത്തോടെയാണ് തുടങ്ങിയത്. പി ജെ കുര്യനും കെ വി തോമസും പാർട്ടിയിൽ നിന്ന് എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്ന് ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. കർശനമായ അച്ചടക്കനടപടി വേണമെന്ന പ്രതാപന്റെ ആവശ്യത്തെ ആരും എതിർത്തില്ല. കെ വി തോമസിനെതിരെയുള്ള പരാതി അച്ചടക്കസമിതി പരിഗണിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ മറ്റ് നിലപാടുകൾ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

പി ജെ കുര്യൻ രാഹുൽഗാന്ധിക്കെതിരെ ഉയർത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും അവർ നിലപാടെടുക്കട്ടെയെന്നും കെപിസിസി നേതൃത്വം വിശദീകരിച്ചു. വ്യക്തിപരമായ അസൗകര്യമറിയിച്ചാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അറിയിച്ചത്. എന്നാൽ ഇന്നലത്തെ വിമർശനത്തിന് പിന്നാലെ താനായിരിക്കും ചർച്ചയുടെ കേന്ദ്രബിന്ദുവെന്ന് തിരിച്ചറിഞ്ഞാണ് കുര്യൻ വരാതിരുന്നതെന്നാണ് സൂചന. ഇന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുലപ്പള്ളി കെപിസിസി നേതൃത്വവുമായി കുറേകാലമായി അകന്ന് നിൽക്കുകയാണ്. സർക്കാരിനെതിരെ സമരപരിപാടികളുൾപ്പടെ നടത്തുന്നതിൽ നേതൃത്വം പരാജയമാണെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. 

അംഗത്വവിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് മെമ്പർഷിപ്പിനെ ബാധിച്ചുവെന്ന വിമർശനം രാഷ്ട്രീയകാര്യസമിതിയിൽ ഉയർന്നു. കേന്ദ്രനേതൃത്വം നിർദ്ദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റി. കുറഞ്ഞ സമയത്തിനുള്ളൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്ന് കെ സുധാകരൻ മറുപടി നൽകി. ഡിജിറ്റൽ വഴിയും കടലാസ് വഴിയും 35 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കനായെന്ന് പ്രസിഡന്റ് അറിയിച്ചു. തൃക്കാക്കരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയചർച്ചകളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു.