ദില്ലി: നേപ്പാൾ ഭൂപടം മാറ്റിയതിൽ പ്രതികരണവുമായി ഇന്ത്യ. നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്. ഇക്കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാടെന്നും ഇന്ത്യ പറഞ്ഞു.

ഇന്ത്യ തുറന്ന അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. ഇന്ത്യൻ അതിർത്തിക്ക് അകത്തെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേരത്തെ പ്രസിദ്ധീകരിച്ച പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് തീരുമാനം.

ഇന്ത്യൻ അതിർത്തിയിലെ കലാപാനി,  ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം നേപ്പാൾ അതിർത്തിയിലാണ്. ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ. ഇതോടെ ഇരു രാജ്യങ്ങളുമായി തുടർന്നുവന്ന നയതന്ത്ര ബന്ധത്തിൽ തന്നെ ഉലച്ചിലിനാണ് സാധ്യത.

ഇന്ന് ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ആകെയുള്ള 275 അംഗങ്ങളിൽ 258 പേർ പങ്കെടുത്തു. എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സർക്കാർ പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടി അതിനെ പിന്തുണച്ചിരുന്നു. ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും.