Asianet News MalayalamAsianet News Malayalam

മോദിയുടെ പ്രസ്താവനക്കെതിരെ മന്ത്രി ശശീന്ദ്രൻ, പൂർണ സ്വാതന്ത്ര്യം പാവപ്പെട്ടവന് കിട്ടിയില്ലെന്ന് എംവി ഗോവിന്ദൻ

ഭൂതകാല ചിന്തകൾ അനുഭവ പാഠങ്ങളാകുകയാണ് വേണ്ടത്, വേദനകളെ പ്രീണിപ്പിക്കാൻ അല്ല നോക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു.

India at 75 Ministers hoist national flag in district centers across Kerala Independence day
Author
Thiruvananthapuram, First Published Aug 15, 2021, 10:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. കോഴിക്കോട് ദേശീയപതാക ഉയർത്തിയ മന്ത്രി എകെ ശശീന്ദ്രൻ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റിനെ വിമർശിച്ച് സംസാരിച്ചപ്പോൾ, പാവപ്പെട്ടവന് പൂർണ സ്വാതന്ത്ര്യം കിട്ടിയില്ലെന്നായിരുന്നു മന്ത്രി എംവി ഗോവിന്ദന്റെ പ്രസംഗം.

ഭൂതകാല ചിന്തകൾ അനുഭവ പാഠങ്ങളാകുകയാണ് വേണ്ടത്, വേദനകളെ പ്രീണിപ്പിക്കാൻ അല്ല നോക്കേണ്ടതെന്നും ശശീന്ദ്രൻ പറഞ്ഞു. അത്തരം സംഭവങ്ങൾ ആവർത്തിക്കാതെയാണ് നോക്കേണ്ടത്. ഭരണഘടന സംരക്ഷിക്കുകയാണ് വേണ്ടത്. പൗരസ്വാതന്ത്ര്യവും  മതേതര നിലപാടുമാണ്  ഭരണഘടന ഉറപ്പ് നൽകുന്നതെന്നും പ്രധാനമന്ത്രിയുടെ വിഭജന വേദന പരാമർശത്തെ പരോക്ഷമായി ഉന്നംവെച്ച് മന്ത്രി പറഞ്ഞു.

കൂട്ടായ പോരാട്ടങ്ങളുടെ  ഫലമാണ്  സ്വാതന്ത്ര്യമെന്ന് മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ടവന് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയെന്ന് പറയാനാവില്ല. സമത്വത്തിലേക്ക് നീങ്ങുന്നതിന് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. രാജ്യത്ത് എല്ലാ വിഭാഗം ആളുകൾക്കും ജീവിക്കാനുള്ള അവകാശമുണ്ടാവണം. ജനാധിപത്യത്തിനു നേരെ ഗൗരവതരമായ വെല്ലുവിളി ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കർഷകരും ആദരിക്കപ്പെടേണ്ടവർ: മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട് കോട്ട മൈതാനത്ത് സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ദേശീയ പതാക ഉയർത്തി. ആരോഗ്യ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന് ഒരുപാട് മുന്നോട്ട് പോവാനായെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മുന്നണി പോരാളികളെ പോലെ കർഷകരും ആദരിക്കപ്പെടേണ്ടവരാണ്. എന്നാൽ കർഷകർ ഇന്ന് കാലാവസ്ഥ വ്യതിയാനം മൂലവും, വിളകൾക്ക് വില ഇല്ലായ്മ മൂലവും ദുരിതം അനുഭവിക്കുന്നു. കൊവിഡിനെതിരായി പോരാടവെ ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി വൈദ്യുതി ചിലവ് കുറക്കാൻ ആഭ്യന്തര ഉത്പാദനം കൂട്ടുമെന്നും ജലവൈദ്യുത പദ്ധതികളും, സോളാർ പദ്ധതികളും വർദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർക്ക് എതിരായ അക്രമത്തെ അപലപിച്ച് മന്ത്രി

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ്ജ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഏറ്റവും അധികം ജനസാന്ദ്രതയുള്ള കേരളം കൊവിഡ് പ്രതിരോധത്തിൽ രാജ്യത്ത് ഒന്നാമതാണെന്ന് മന്ത്രി അവകാശപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടേത് മികച്ച സേവനമാണ്. കൊവിഡ് മുന്നണി പോരാളികളെ അഭിനന്ദിക്കുന്നുവെന്നും ജീവൻ നൽകിയവരെ അനുസ്മരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം ഉണ്ടാവുന്നത് അപലപനീയമാണെന്നും ശക്തമായ നടപടികൾ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ ദേശിയ പതാക ഉയർത്തി. മലപ്പുറത്ത്  എംഎസ്‌പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി വി അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios