ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിന്റെ ഏടുകൾ തേടിയൊരു യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ. ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി യാത്ര.
തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം വാർഷിക നിറവിലായിരിക്കേ, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം യുവതലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കുന്ന വജ്ര ജയന്തി യാത്രക്ക് ഇന്ന് തുടക്കം. 20 എൻസിസി കേഡറ്റുകൾ നടത്തുന്ന കേരളാ യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിന്റെ ഏടുകൾ തേടിയൊരു യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ. 10 ദിവസത്തെ വജ്ര ജയന്തി യാത്രയിൽ കേഡറ്റുകൾക്ക് പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ദിനം സൈനികർക്കൊപ്പം ചിലവഴിക്കാൻ അവസരമുണ്ടാകും. വിക്രം സാരാഭായി സ്പേസ് സെന്‍ററിൽ ശാസ്ത്രജ്ഞന്മാർക്കൊപ്പം സംവാദവും, ആഴിമല നാവിക അക്കാദമി സന്ദർശനവും, അടക്കം അത്യപൂർവ്വ നിമിഷങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് കേഡറ്റുകൾ.
കോളേജ് വിദ്യാർത്ഥികളായ കേഡറ്റുകൾക്ക്, ഗവർണർ അടക്കം പല പ്രമുഖരുമായി നേരിൽക്കണ്ട് ആശയവിനിമയം നടത്താനുള്ള സൗകര്യമടക്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് എത്തിയ സംഘത്തെ എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ, ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ്, മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ്, എക്സിക്യൂട്ടീവ് എഡിറ്റർമാരായ സിന്ധു സൂര്യകുമാർ, എസ് ബിജു എന്നിവർ ചേർന്ന് സ്വീകരിച്ച്, ആശംസകൾ നേർന്നു.
സേനയിലേക്ക് പറന്നുയരാൻ കൊതിക്കുന്ന കേഡറ്റുകൾ, ആ സ്വപ്നത്തിലേക്കൊരു ചുവട‍് വയ്പ്പാണ് ഈ യാത്ര.

