ദില്ലി: കുൽഭൂഷൺ ജാദവിന് അഭിഭാഷകനെ ഏർപ്പെടുത്താൻ ഇന്ത്യയ്ക്ക് ഒരവസരം കൂടി നല്‍കുമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. കുൽഭൂഷൺ കേസ് പരിഗണിക്കുന്നത് പാക് കോടതി ഒക്ടോബറിലേക്ക് മാറ്റി. പാകിസ്ഥാനുമായി ഇക്കാര്യത്തിൽ ആശയവിനിമയം തുടരുന്നു എന്നാണ് ഇന്ത്യയുടെ പ്രതികരണം. 

2017 ലാണ് ചാരവൃത്തി ആരോപിച്ച് മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്‍തു. നിയമപരമായ എല്ലാ അവകാശവും ഉറപ്പാക്കണമെന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാദവിനെ കാണാനുള്ള അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ കുൽഭൂഷൺ അപ്പീൽ നല്‍കാന്‍ വിസമ്മതിച്ചു എന്നാണ് പാക് അവകാശവാദം. 

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ഇത് രണ്ടാം തവണയാണ് കേസ് പരിഗണിച്ചത്. ഇന്ത്യയ്ക്ക് അഭിഭാഷകനെ നിയമിക്കാൻ ഒരവസരം കൂടി നല്‍കുകയാണെന്ന് ബഞ്ച് വ്യക്തമാക്കി. 

പാകിസ്ഥാൻ കേസിൽ നാടകം കളിക്കുന്നു എന്നാണ്  ഇന്ത്യയുടെ സംശയം. ഉപാധികളില്ലാതെ സ്വതന്ത്രമായി കുൽഭൂഷൺ ജാദവിന് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാൻ അവസരം നല്‍കണമെന്നും കേസ് രേഖകൾ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.