കേരളത്തിലെ ആദ്യ 'ജെൻ സി' പോസ്റ്റ് ഓഫീസ് കോട്ടയത്തെ സി.എം.എസ്. കോളേജിൽ. യുവതലമുറയെ ആകർഷിക്കുന്നതിനും ഡിജിറ്റൽ യുഗത്തിനനുസരിച്ച് തപാൽ സേവനങ്ങളെ നവീകരിക്കുന്നതിനുമായിയാണ് കേരളത്തിലെ ആദ്യ ‘ജെൻ സി’ പോസ്റ്റ് ഓഫീസ്.
മഞ്ഞയും ചുവപ്പുമടിച്ച, പൂട്ടിക്കിടക്കുന്ന, പഴയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പങ്ങൾ മാറ്റിവെച്ചോളൂ! കേരളത്തിലെ ആദ്യത്തെ 'ജെൻസി' പോസ്റ്റ് ഓഫീസ് കോട്ടയം സി.എം.എസ്. കോളേജിൽ തുറന്നിരിക്കുകയാണ്. ഇത് കത്തയക്കാൻ മാത്രമല്ല, ചില്ലടിച്ചിരിക്കാനും, കൂട്ടുകാരുമായി സംസാരിച്ചിരിക്കാനുമുള്ള ഇടമാണ്.
വിരസമായ ഒരു സ്ഥാപനമായി തോന്നാമായിരുന്ന പോസ്റ്റ് ഓഫീസിനെ, ന്യൂജെൻ പിള്ളേർക്കായി ഒരു "ട്രെൻഡി ഹാങ്ഔട്ട് സ്പോട്ടാക്കി" മാറ്റിയിരിക്കുകയാണ് ഇവിടെ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഒരു എക്സ്റ്റൻഷൻ കൗണ്ടറായാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും, കാഴ്ചയിൽ ഒരു സർവീസ് സെന്ററല്ല, മറിച്ച് ഒരു ഫ്രഷ് കഫേ പോലെ തോന്നും.
എന്തുകൊണ്ട് ഇത് ജെൻസി സ്‌പെഷ്യലാകുന്നു?
ടെക് ആൻഡ് ടൂൾസ്: പഴയ രീതിയിലുള്ള നീണ്ട ക്യൂവുകൾ ഇവിടെയില്ല. ഡിജിറ്റൽ സർവീസുകൾ, ക്യു.ആർ. കോഡ് സംവിധാനം, പുതിയ സ്റ്റാമ്പുകൾ തത്സമയം പ്രിന്റ് ചെയ്യാൻ സാധിക്കുന്ന 'മൈ സ്റ്റാമ്പ്' പ്രിന്റർ എന്നിവ ഇവിടെ സജ്ജമാണ്.
വർക്ക് & വൈബ്: പരീക്ഷാ തിരക്കിനിടയിൽ പ്രൊജക്റ്റ് ചെയ്യാനിരിക്കുന്ന വിദ്യാർത്ഥികൾക്കായി, ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും ചാർജ് ചെയ്യാനുള്ള പോയിന്റുകളോടുകൂടിയ കൗണ്ടർ ടേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു കോഫി ഷോപ്പിലെ പോലെ ഇരുന്ന് ജോലി ചെയ്യാം, ഒപ്പം പോസ്റ്റൽ കാര്യങ്ങളിലും ഏർപ്പെടാം.
കൂൾ സ്പോട്ടുകൾ: 'ജെൻസി'യുടെ ഇഷ്ടത്തിനനുസരിച്ച് കോളേജ് വിദ്യാർത്ഥികൾ തന്നെയാണ് ഇതിന്റെ ഡിസൈനിംഗിൽ പങ്കെടുത്തത്. ചുവരുകളിൽ ഗ്രീൻ വൈബ് നൽകുന്ന വെർട്ടിക്കൽ ഗാർഡൻ. പിക്നിക്ക് ടേബിൾ ശൈലിയിലുള്ള ഇരിപ്പിടങ്ങൾ. ഉപയോഗശൂന്യമായ ടയറുകൾ മനോഹരമായി പെയിന്റ് ചെയ്ത് ഇരിപ്പിടങ്ങളാക്കി മാറ്റി.
വെറും ഫോർമാലിറ്റികൾ മാത്രമല്ല ഇവിടെ. ഒരു വായനാമൂലയും ബോർഡ് ഗെയിമുകളും പുസ്തകങ്ങളും അടങ്ങിയ ഷെൽഫും ഉണ്ട്. തപാൽ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന സമയം ബോറടിക്കില്ലെന്ന് ചുരുക്കം. പരമ്പരാഗതമായി തപാൽ സേവനങ്ങൾ ഉപയോഗിക്കാതിരുന്ന യുവതലമുറയെ, പാഴ്സൽ അയക്കാനും ഓൺലൈൻ സാധനങ്ങൾ കൈപ്പറ്റാനും സഹായിക്കുന്ന ഒരു കേന്ദ്രമാവുകയാണ് ഈ 'ജെൻ സി' പോസ്റ്റ് ഓഫീസ്.
ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഇത് ഉദ്ഘാടനം ചെയ്തതോടെ, കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കപ്പെട്ടിരിക്കുകയാണ്. മറ്റ് കോളേജുകളിലും ഇത്തരം മാറ്റങ്ങൾ വരുമോ എന്ന് കാത്തിരുന്ന് കാണാം.


