പൊതുജന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ

കുട്ടികളുടെ പല്ലുകളുടെ ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി പൊതുജന ബോധവൽക്കരണ പരിപാടിയുമായി ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ.

കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും ഭക്ഷണശീലത്തിനും പഠനത്തിനും വ്യക്തിത്വ വികാസത്തിനും ആരോഗ്യമുള്ള പല്ലുകള്‍ അനിവാര്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ വൈസ് പ്രസിഡന്‍റ് ഡോ. മാത്യൂസ് ബേബി പറഞ്ഞു. 

കുട്ടികളിലെ ദന്തരോഗങ്ങൾ ചികിൽസിക്കേണ്ട ആവശ്യമില്ല എന്ന തെറ്റിദ്ധാരണയുള്ള മാതാപിതാക്കളെ ഉദ്ദേശിച്ചായിരുന്നു പ്രധാനമായും ഈ പ്രചാരണം. ലോക ദന്ത ഡോക്ടർ ദിനത്തോടനുബന്ധിച്ച് മാർച്ച് ആറാം തീയതി നടന്ന പരിപാടിക്ക് സെക്രട്ടറി ഡോ. അനൂപ് കുമാര്‍ നേതൃത്വം നൽകി.

കുട്ടികളിലെ ദന്തക്ഷയം മുൻകൂട്ടി കണ്ടുപിടിച്ച ചികിത്സിക്കേണ്ടതിന്‍റെ ആവശ്യകത, നിരതെറ്റിയ പല്ലുകൾ 12 വയസ്സിന് മുൻപ് തന്നെ ശരിയാക്കേണ്ട രീതികൾ എന്നിവ വ്യക്തമാക്കുന്ന ബോധവൽക്കരണ നോട്ടീസ് വിതരണം ഡെന്‍റൽ കൗൺസിൽ ചെയർമാൻ ഡോ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ ബസ് കാത്തിരിപ്പ് കേന്ദ്രം ബോധവൽക്കരണ പോസ്റ്ററുകൾ കൊണ്ട് നവീകരിച്ച പദ്ധതി മുൻസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും പൊതു ഇടങ്ങളിലും അസോസിയേഷൻ നടത്തുന്ന ദന്ത പരിശോധന ക്യാമ്പുകളുടെയും അർബുദ നിർണയ പരിപാടികളുടെയും ഉദ്ഘാടനം കേരള ഡെന്‍റൽ കൗൺസിൽ അംഗവും നിയുക്ത ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്‍റുമായ ഡോ. ടെറി തോമസ് എടത്തൊട്ടി നിര്‍വഹിച്ചു.