ട്വിറ്റര്‍ യൂസര്‍മാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കര്‍ശന സുരക്ഷയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ട്വിറ്റര്‍ പ്രതിനിധകൾ പാര്‍ലമെൻ്ററി സമിതിയെ അറിയിച്ചു.

ദില്ലി: സർക്കാർ പ്രതിനിധികളെ സ്ഥാപനത്തിൽ നിയമിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്വിറ്റര്‍. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോടാണ് ട്വിറ്റര്‍ പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്നാണ് ട്വിറ്റര്‍ പ്രതിനിധികൾ ഐടി മന്ത്രാലയത്തിനായുള്ള പാര്‍ലമെൻ്റിറ പാനലിന് മുൻപാകെ ഹാജരായത്. ട്വിറ്റര്‍ യൂസര്‍മാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കര്‍ശന സുരക്ഷയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ട്വിറ്റര്‍ പ്രതിനിധകൾ പാര്‍ലമെൻ്ററി സമിതിയെ അറിയിച്ചു. ട്വിറ്ററിലെ ജീവനക്കാര്‍ക്ക് പോലും ഉപഭോക്താക്കളുടെ പൂര്‍ണ വിവരങ്ങൾ ലഭ്യമല്ല. സാങ്കേതികമായ ആവശ്യങ്ങൾക്കായി ട്വിറ്റര്‍ ആസ്ഥാനത്തേക്ക് യൂസര്‍ ഡാറ്റ ആക്സസ് നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

പാര്‍ലമെൻ്ററി സമിതിയുമായുള്ള ട്വിറ്റര്‍ പ്രതിനിധികളുടെ കൂടിക്കാഴ്ചയ്ക്കിടെ ഏതെങ്കിലും തരത്തിൽ ട്വിറ്റര്‍ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോര്‍ന്നോ എന്ന് സമിതി അംഗങ്ങൾ പലതവണ ചോദിച്ചു. എന്നാൽ ഒരുതരത്തിലുള്ള വിവരചോര്‍ച്ചയും സംഭവിച്ചിട്ടില്ലെന്നാണ് ട്വിറ്റര്‍ അധികൃതര്‍ നൽകിയ മറുപടി. ഇന്ത്യയിലെ ഒരു ജീവനക്കാരനും ഉപഭോക്താക്കളുടെ പൂര്‍ണവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാരുടെ വിവരങ്ങളും ഡേറ്റ സെക്യൂരിറ്റി സംവിധാനങ്ങളെക്കുറിച്ചും പാര്‍ലമെൻ്റി സമിതിയിലെ അംഗങ്ങൾ അവരോട് ചോദിച്ചു. പല ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം നൽകാൻ ട്വിറ്റര്‍ പ്രതിനിധികൾക്ക് സാധിച്ചില്ല. ഇക്കാര്യങ്ങളടക്കം സമിതിയുടെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരം ഒരാഴ്ചയ്ക്ക് അകം എഴുതി തയ്യാറാക്കി നൽകാൻ സമിതി അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50 മിനിറ്റോളം നീണ്ടു നിന്ന യോഗത്തിനിടെ സ്വകാര്യ വിവരങ്ങൾ ചോര്‍ന്നോ എന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചയാണ് നടന്നത് - പാര്‍ലമെൻ്ററി സമിതിയിൽ അംഗമായ ഒരു എംപിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്തു. 

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി), യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി), ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) എന്നീ ഏജൻസികൾക്ക് നൽകിയ പരാതിയിലാണ് മുൻ ട്വിറ്റർ സുരക്ഷാ മേധാവിയും ഹാക്കറുമായ പീറ്റർ 'മഡ്ജ്' സാറ്റ്‌കോ സർക്കാർ ഏജന്‍റിനെ ട്വിറ്റര്‍ സേവനം നൽകുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ നിർബന്ധിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത്. അമേരിക്കൻ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് ഇക്കാര്യം വലിയ ചര്‍ച്ചയായത്. 

ട്വിറ്ററിനെ കൂടാതെ ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലെ പൊതുമേഖല സ്ഥാപനമായ ഐആര്‍സിടിസിയുടെ പ്രതിനിധികളേയും പാര്‍ലമെൻ്ററി സമിതി ഇന്നു വിളിച്ചു വരുത്തിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് ഐആര്‍സിടിസി പ്രതിനിധികളോടും സമിതി ചോദ്യങ്ങൾ ചോദിച്ചത്. പത്ത് കോടി ഉപഭോകാതക്കളുള്ള ഐആര്‍സിടിസി ഈ അടുത്ത ഉപഭോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യാൻ ഒരു കണ്‍സൽട്ടൻ്റിനെ തേടി പരസ്യം നൽകിയിരുന്നു. ഇതേക്കുറിച്ചും ഇന്നത്തെ കൂടിക്കാഴ്ചയിൽ ചോദ്യങ്ങളുണ്ടായി.