ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്
ദില്ലി: ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. വ്യോമാതിർത്തികൾ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. സാഹചര്യം രൂക്ഷമാകുന്നതിന് മുമ്പ് പലരും മടങ്ങിയിരുന്നെങ്കിലും പരീക്ഷ ഉൾപ്പെടെയുള്ള കാരണങ്ങളാല്‍ ചില വിദ്യാർത്ഥികൾ ഇറാനില്‍ തന്നെ തുടരുകയായിരുന്നു.
ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള 18 കാരി സോബിയ ഖാൻ എന്ന മെഡിക്കല്‍ വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ തങ്ങളുടെ ആശങ്ക മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിലവില്‍ തെഹ്റാനിലെ ഹോസ്റ്റൽ മുറിയിൽ കഴിയുകയാണ് സോബിയ. കഴിഞ്ഞ ദിവസമാണ് സോബിയയുമായി സംസാരിക്കാൻ സാധിച്ചതെന്നും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല, ഫോണ്‍ ചെയ്തപ്പോൾ അവൾ കരയുകയായിരുന്നു. സ്ഫോടന ശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ ദിവസങ്ങളായി ഉറങ്ങിയിട്ട് എന്നുമാണ് സോബിയയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. ജമ്മു കശ്മീർ, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരുടെ കുടുംബങ്ങൾ സർക്കാരിന്‍റേയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ഇടപെടലിനായി കാത്തിരിക്കുകയാണ്.


