വിയറ്റ്‌നാമിലെ പ്രശസ്തമായ ഒരു റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ വ്യവസായിയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക
ദില്ലി: വിയറ്റ്‌നാമിലെ പ്രശസ്തമായ ഒരു റെയിൽവേ ട്രാക്കിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നൃത്തം ചെയ്യുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ വ്യവസായിയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക രംഗത്തെത്തി. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ വിനോദമല്ലെന്നും പൊതുശല്യമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നടിച്ചു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയിയിലെ പ്രശസ്തമായ 'ട്രെയിൻ സ്ട്രീറ്റ്' എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. വീടുകൾക്കും കഫേകൾക്കും നടുവിലൂടെ പോകുന്ന വളരെ ഇടുങ്ങിയ റെയിൽവേ ട്രാക്കാണിത്. റെയിൽവേ ട്രാക്കിലൂടെ ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികൾ വരിവരിയായി നിന്ന് ഒരു ഹിന്ദി ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഗ്രൂപ്പിന് മുന്നിൽ നടന്ന ഒരു സ്ത്രീയുടെ കൈകളിൽ ഒരു വിഗ്രഹവും ഉണ്ടായിരുന്നു. മറ്റ് വിനോദസഞ്ചാരികൾ ഇത് നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഹർഷ് ഗോയങ്ക കുറിച്ചത്- നമ്മുടെ മഹാൻമാരായ വിനോദസഞ്ചാരികളുടെ പുതിയ റീലുകൾ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്! ഇതാ ഒരു സംഘം വിദേശത്ത് ആസ്വദിക്കുന്നു. ആസ്വദിക്കുന്നത് ഒക്കെ നല്ലതാണ്, പക്ഷേ ഇത് പൊതുശല്യമാണ് എന്നാണ്. ഹർഷ് ഗോയങ്കയുടെ ഈ പോസ്റ്റ് വന്നതോടെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പൊതുബോധത്തെയും യാത്രാ മര്യാദകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയ വഴിതുറന്നിരിക്കുന്നത്.
പലരും ഗോയങ്കയുടെ അഭിപ്രായത്തോട് യോജിച്ചു. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ നമ്മൾ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികളാണെന്ന ബോധം വേണമെന്നും, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും പലരും കുറിച്ചു. വിമാനത്താവളത്തിന്റെ റൺവേയിലും ബുർജ് ഖലീഫയിലും വിദേശത്തെ മ്യൂസിയങ്ങളിലും ഒക്കെ ഇതുപോലെ അനുവാദമില്ലാതെ ഡാൻസ് കളിച്ച് ഇന്ത്യക്കാർ മുൻപും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ചിലർ വിനോദസഞ്ചാരികളെ പിന്തുണയ്ക്കുകയും ചെയ്തു. അവർ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വെറുതെ സന്തോഷിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇവരുടെ വാദം. അടുത്തിടെ വിയറ്റ്‌നാമിലെ തന്നെ ഒരു എയർപോർട്ട് റൺവേയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ 'ഗർബ' നൃത്തം ചെയ്ത വീഡിയോയും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റെയിൽവേ ട്രാക്കിലെ ഡാൻസ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്.



