Asianet News MalayalamAsianet News Malayalam

'ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് സർക്കാർ ആവശ്യപ്പെടില്ല', മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് നടത്തിയാലും നാല് മാസത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് ലഭിക്കുക. ഏത് ഉപതെരഞ്ഞെടുപ്പും സർക്കാരിന്‍റെ വിലയിരുത്തൽ തന്നെയാണെന്നും മുഖ്യമന്ത്രി.

will not ask election commission to postpone byelections says cm pinarayi vijayan
Author
Thiruvananthapuram, First Published Sep 5, 2020, 7:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാലും തെരഞ്ഞെടുക്കപ്പെട്ടവർക്ക് നാല് മാസത്തെ ഭരണകാലയളവാണ് ലഭിക്കുക. സർക്കാർ ഒരു കാരണവശാലും ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്ന് പറയില്ലെന്നും മുഖ്യമന്ത്രി. ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാനസർക്കാരിന്‍റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന്, ഏത് തെരഞ്ഞെടുപ്പും ഭരിക്കുന്ന സർക്കാരിന്‍റെ വിലയിരുത്തലായിത്തന്നെയാണ് കണക്കാക്കുകയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ രോഗവ്യാപനത്തിന്‍റെ ഭീഷണി മാത്രമല്ല, മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. തദ്ദേശഭരണതെരഞ്ഞെടുപ്പ് അഞ്ച് വർഷത്തേക്കാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് ഏപ്രിൽ വരെ മാത്രമേ ഭരിക്കാനാകൂ. പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഭരണകാലയളവുണ്ടാകുമെന്ന് സാങ്കേതികമായി മാത്രമേ പറയാനാകൂ. എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്നതാണ് അന്തിമം. തെരഞ്ഞെടുപ്പ് വേണ്ട എന്ന് സംസ്ഥാനസർക്കാർ പറയുന്നതിൽ ശരികേടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ അതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും സംസ്ഥാനസർക്കാർ ഒരുക്കും- - മുഖ്യമന്ത്രി പറഞ്ഞു.

നവംബറോടെ ഉപതെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകളും നടത്തുമെന്നാണ് അറിയിച്ചത്. കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് കെ തോമസാണ് എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. ചവറയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആർഎസ്പിയുടെ ഷിബു ബേബി ജോണാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios