Asianet News MalayalamAsianet News Malayalam

സിഡ്കോ എസ്റ്റേറ്റുകളില്‍ ഭൂരേഖകള്‍ നല്‍കുന്നില്ല; ബാങ്ക് വായ്പ പോലും ലഭ്യമല്ല, ദുരിതത്തില്‍ സംരംഭകര്‍

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ 2003 ൽ പട്ടയം കൊടുക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങിയതാണ്. പക്ഷെ സംസ്ഥാനത്തെ ഏഴ് പ്രധാന എസ്റ്റേറ്റുകളിലെ വ്യവസായികൾ ഇന്നും അതിനായി കാത്തിരിക്കുന്നു. 

industrialist are at crisis under SIDCO
Author
Kollam, First Published Jul 22, 2021, 9:46 AM IST

കൊല്ലം: വ്യവസായ കുതിപ്പിനായി പതിറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയ സിഡ്കോ എസ്റ്റേറ്റുകളില്‍ ഭൂമിക്ക് രേഖകൾ ഒന്നും നൽകാതെ സർക്കാർ സംരംഭകരെ കബളിപ്പിക്കുന്നു. പട്ടയവും തീറാധാരവും കിട്ടാത്ത വ്യവസായികൾക്ക് ബാങ്ക് വായ്പ കിട്ടണമെങ്കിൽ സ്വന്തം വീടും വസ്തുവും പണയപ്പെടുത്തേണ്ട സ്ഥിതിയാണ്. വ്യവസായ-റവന്യൂ വകുപ്പുകൾ ചേർന്ന് ചുവപ്പുനാട കുരുക്കുമ്പോൾ സംരംഭങ്ങൾ പതിയെ നിലച്ചുപോകുന്ന സ്ഥിതിയാണ്.

കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലെ പ്രധാന സിഡ്കോ പാർക്കില്‍ 85 വ്യവസായങ്ങളുണ്ട്. ശബരിമല അടക്കം പ്രധാന ക്ഷേത്രങ്ങളിലെ പായസ വിതരണത്തിന് ഇവിടെ നിന്നാണ് ടിന്നുകൾ ഉണ്ടാക്കി വിൽക്കുന്നത്. ലോക്ക്ഡൗണില്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് പൂർണ്ണമായി നിശ്ചലമായി. ഇപ്പോൾ പതിയെ ചലിച്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക തകർച്ച മറികടന്ന് കൊവിഡ് ഭീതി ഒഴിയുമ്പോൾ ലാഭം നേടണം. അതിന് ബാങ്ക് വായ്പ എടുക്കാമെന്ന് കണക്കുകൂട്ടി. പക്ഷെ സർക്കാരിന്‍റെ വ്യവസായ ഭൂമിയിലാണെങ്കിലും ഒരു ബാങ്കും വായ്പ നൽകില്ല. കാരണം ഈട് നൽകാൻ തീറാധാരം ഇല്ല. 

വ്യവസായിക്ക് തീറാധാരം നൽകണമെങ്കിൽ റവന്യൂ വകുപ്പ്, സിഡ്കോ എസ്റ്റേറ്റുകൾക്ക് ആദ്യം പട്ടയം നൽകണം. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ 2003 ൽ പട്ടയം കൊടുക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങിയതാണ്. പക്ഷെ സംസ്ഥാനത്തെ ഏഴ് പ്രധാന എസ്റ്റേറ്റുകളിലെ വ്യവസായികൾ ഇന്നും അതിനായി കാത്തിരിക്കുന്നു. പട്ടയം കിട്ടിയ ചെറുകിട എസ്റ്റേറ്റുകളിലാകട്ടെ, തീറാധാരം നൽകാതെ സിഡ്കോയും സംരംഭകരെ വലയ്ക്കുന്നു. സർക്കാരിന്‍റെ വ്യവസായ മേഖലയെന്ന് മേനി പറയാമെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ പോലും സിഡ്കോ ഒരുക്കുന്നില്ലെന്നും സംരംഭകർ പറയുന്നു. ഒരു അടിസ്ഥാന വികസനവും സിഡ്കോ വ്യവസായ ഭൂമിയിൽ ഇല്ല, ഒരു കാറ്റ് അടിച്ചാൽ വൈദ്യുതി നിലയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios