കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്‍റേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂര്‍ദ്ധാവിലേറ്റ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. കുട്ടിയെ കൊലപ്പെടുത്തിയശേഷം കടൽഭിത്തിയിൽ തള്ളിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പൊലീസ്  പറയുന്നു. 

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്
കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാതാപിതാക്കള്‍ ഇരുവരും കുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. 

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടലിൽ, കൊലപ്പെടുത്തിയതെന്ന് ആരോപണം

കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്‍റെ അംശമോ മണല്‍തരികളോ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താം. ഇതിലൂടെ പ്രതിയിലേക്കെത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം. രാത്രി ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. അടച്ചു പൂട്ടിക്കിടന്ന വീട്ടിൽ അച്ഛനൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടിയെ കാണാതായതിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും കുട്ടിയുടെ അമ്മയുടെ ബന്ധു ആരോപിച്ചു. 

ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. പതിനൊന്ന് മണിയോടെ കരിങ്കൽ ഭിത്തികൾക്കിടയിൽ  കമഴ്ന്നു കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ  അകലെയാണ് വീട്. ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധിച്ചു.