പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജന്മനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്താനിരിക്കെയാണ് ശ്വാസം തടസം അനുഭവപ്പെട്ടത്. അട്ടപ്പാടി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനല്‍കും. കഴിഞ്ഞ വര്‍ഷം പത്ത് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ഇക്കൊല്ലമിത് രണ്ടാമത്തെ മരണമാണ്.