യാത്രക്കിടെ വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണ് പോയത് രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. ഇഴഞ്ഞിഴഞ്ഞ് ഫോറസ്റ്റ് ചെക്പോസ്റ്റിലെത്തിയ കുഞ്ഞിനെ വനപാലകര്‍ രക്ഷിക്കുകയായിരുന്നു.
ഇടുക്കി: മൂന്നാര്‍ രാജമലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. ജീപ്പിൽ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല.
ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസ്സുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
"
കമ്പിളിക്കണ്ടത്തെ വീടിനടുത്ത് എത്താറായപ്പോഴാണ് കുഞ്ഞ് വാഹനത്തിൽ ഇല്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കമ്പിളിക്കണ്ടം സ്വദേശി സതീശും കുടുംബാംഗങ്ങളും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്. വാഹനത്തിന് പുറകിലെ സീറ്റിൽ അമ്മയുടെ മടിയിലായിരുന്നു കുഞ്ഞ് ഇരുന്നിരുന്നത്.
വാച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി. കുഞ്ഞിന്‍റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ടായിരുന്നു. വനപാലകര്‍ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലാക്കുന്നതും പൊലീസിൽ വിവരം അറിയിക്കുന്നതും. പൊലീസ് സമീപത്തെ സ്റ്റേഷനുകളിലേക്കെല്ലാം വിവരം അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ വീട്ടിലെത്തിയ മാതാപിതാക്കൾ കുഞ്ഞിനെ തിരയുന്നത് അറിഞ്ഞ വെള്ളത്തൂവൽ പൊലീസാണ് മൂന്നാറിലെ ആശുപത്രിയിൽ കുഞ്ഞുണ്ടെന്ന വിവരം കുടുംബത്തെ അറിയിക്കുന്നത്. അച്ഛനും അമ്മയും ആശുപത്രിയിലെത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്.
രാജമലയിലെ ചെക്പോസ്റ്റിലേക്ക് കയറിപ്പോകുന്ന ഭാഗത്ത് വളവ് തിരിയുമ്പോൾ മയക്കത്തിലായിരുന്ന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞ് ഊര്‍ന്ന് താഴെ പോയിരിക്കാം എന്നാണ് കരുതുന്നത്. വന്യമൃഗങ്ങളൊക്കെ ഉള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്‍റെ ആശ്വസത്തിലാണ് എല്ലാവരും