മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞവര്‍ഷം ജൂലൈ 28 നായിരുന്നു വിവാദ പരാമര്‍ശം. 

തിരുവനന്തപുരം: മെന്‍റര്‍ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസ് തള്ളി. പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാർ മകൾ വീണയുടെ മെന്‍റര്‍ അല്ല വീണയുടെ കമ്പനിയുടെ മെന്‍റര്‍ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണമാണ് സ്പീക്കർ പരിഗണിച്ചത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന്‍റെ വെബ് സൈറ്റിൽ ആദ്യം ജയികിനെ മെന്‍റര്‍ എന്ന് വിശേഷിപ്പിച്ചു. പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി. തിരിച്ച് വന്നപ്പോൾ മെന്‍റര്‍ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യുവിന്‍റെ ആരോപണം. കമ്പനിയുടെ പഴയ ബാക് ഫയൽ അന്ന് പുറത്തുവിട്ട് വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. മാത്യുവിന്‍റെ അവകാശലംഘന നോട്ടിസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്പോൾ പരിഗണിച്ച് നോട്ടീസ് തള്ളിയിരിക്കുകയാണ്.