Asianet News MalayalamAsianet News Malayalam

'പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? നിങ്ങൾക്ക് തല്ലാനും കൊല്ലാനും അവകാശമുണ്ടെന്നാണോ' ? മഹിത ചോദിക്കുന്നു

ഞങ്ങളുടെ കയ്യിൽ കറുത്ത തുണി മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീ എന്ന പരിഗണന തന്നില്ല. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അവർ ഉപയോഗിച്ചത്. പൊലീസ് വണ്ടിയിൽ കയറ്റിയിട്ടും ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടിക്കുള്ളിൽ വെച്ചും മർദിച്ചു.

injured youth congress worker mahitha response on Youth Cong members beaten up in kannur incident apn
Author
First Published Nov 21, 2023, 12:04 PM IST

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ നവ കേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നാടാകെ പ്രതിഷേധത്തിലാണ്. പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഹെൽമെറ്റും ചെടിച്ചട്ടിയുമടക്കം ഉപയോഗിച്ച് തല്ലിച്ചതച്ചത്.  

മൂന്ന് വണ്ടി പൊലീസ് നോക്കി നിൽക്കെയാണ്  തങ്ങളെ ആക്രമിച്ചതെന്ന് പ്രതിഷേധിക്കാനുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക മഹിത പറയുന്നു. ''ഒന്നും ചെയ്യാതെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചപ്പോഴാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. മൂന്ന് വണ്ടി പോലീസ് നോക്കി നിൽക്കെയാണ് അക്രമം നടന്നത്. ഡിവൈഎഫ്ഐ ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരെ പിടിച്ചു മാറ്റാൻ പൊലീസ് തയാറായില്ല. ലാത്തി കൊണ്ടും ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ് കൊണ്ടുമെല്ലാം മർദിച്ചു. ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് തടഞ്ഞപ്പോഴാണ് കൈക്ക് പരിക്ക് പറ്റിയത്. കൂടുതൽ മർദ്ദനമേറ്റ സുധീഷിനെ ജാതിപ്പേര് വിളിച്ച് വരെ അധിക്ഷേപിച്ചു''. 

''പ്രതിഷേധിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ? നിങ്ങൾക്ക് തല്ലാനും കൊല്ലാനും അവകാശമുണ്ട് എന്നാണോ? ഞങ്ങളുടെ കയ്യിൽ കറുത്ത തുണി മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീ എന്ന പരിഗണന തന്നില്ല. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അവർ ഉപയോഗിച്ചത്. പൊലീസ് വണ്ടിയിൽ കയറ്റിയിട്ടും ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടിക്കുള്ളിൽ വെച്ചും മർദിച്ചു. അതും പൊലീസ് തടഞ്ഞില്ല''. പൊലീസും തങ്ങളെ തല്ലിയെന്നും മഹിത ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios