Asianet News MalayalamAsianet News Malayalam

കാർട്ടൽ തട്ടിപ്പ്: ഇൻകെൽ ഇടപാടിൽ നടന്നത് എഐ ക്യാമറ, കെ ഫോൺ ക്രമക്കേടുകൾക്ക് സമാനമായ തിരിമറി

കോഴ കൊടുത്ത് ടെൻ‍ഡർ നേടിയ തമിഴ്നാട് കമ്പനി സോളാർ പദ്ധതി നടപ്പാക്കിയപ്പോൾ ഈ പദ്ധതിയിലേക്കുള്ള സോളാർ പാനൽ നൽകിയത് തോറ്റു കൊടുത്ത ടോപ്സണ്‍ എനർജീസ്

inkel solar project bribe corruption cartel fraud kgn
Author
First Published Sep 23, 2023, 7:29 AM IST

കൊച്ചി: എഐ ക്യാമറയിലും കെ ഫോണിലും കണ്ട ടെൻഡർ ക്രമക്കേടുകൾക്ക് സമാനമായ തിരിമറികളാണ് ഇൻകൽ സോളാർ ഇടപാടിലും നടന്നത്.ഇൻകലിൽ നിന്ന് കരാർ നേടിയെടുത്ത തമിഴ്നാട് കമ്പനിക്ക് സോളാർ പാനൽ നൽകിയത് ടെൻഡറിൽ എതിരാളിയായിരുന്ന ടോപ്സണ്‍ എനർജി എന്ന കമ്പനിയാണ്. ടോപ്‌സണിൽ നിന്നും സോളാർ പാനൽ വാങ്ങിയതിലും ക്രമക്കേടുകൾ ഉയർന്നു.

എഐ ക്യാമറ വിവാദത്തിൽ കേരളം കേട്ട പ്രയോഗമാണ് കാർട്ടൽ തട്ടിപ്പ്. പരസ്പരം പറഞ്ഞുറപ്പിച്ച് കമ്പനികൾ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കും. ഒരു കമ്പനിക്ക് ടെൻഡർ കിട്ടാൻ വഴിയൊരുക്കി എതിരാളികൾ തന്നെ നിരക്ക് ഉയർത്തി തോറ്റു കൊടുക്കും. ഇൻകൽ സോളാർ അഴിമതിയിലും ഈ കാർട്ടൽ തട്ടിപ്പ് കാണാം. 

കെഎസ്ഇബി കൊടുത്ത ഏഴ് മെഗാവാട്ട് സോളാർ കരാർ ഇൻകൽ ഉപകരാർ കൊടുക്കുമ്പോഴും ടെൻഡർ വിളിച്ചു. പങ്കെടുത്തത് തമിഴ്നാട്ടിലെ റിച്ച് ഫൈറ്റോക്കെയർ, ഗുജറാത്തിലെ ടോപ്സണ്‍ എനർജി, കൊച്ചിയിലെ സൗര്യ നാച്ചുറൽ എനർജി സൊല്യൂഷൻസ്. ഇൻകലിനെ പോലും ഞെട്ടിച്ച് അപ്രതീക്ഷിതമായി കടന്നുവന്ന സൗര്യ നാച്ചുറൽ സൊല്യൂഷൻസിനെ ഫിനാൻഷ്യൽ ബിഡിൽ പുറത്താക്കി. പിന്നെ മത്സരം തമിഴ്നാട് കമ്പനിയും റിച്ചും ഗുജറാത്ത് കമ്പനി ടോപ്സണും തമ്മിലായി. റിച്ചിന് കരാർ കിട്ടാനായി ടോപ്സണെ സെറ്റിൽ ചെയ്യാൻ അഴിമതി ആരോപണം നേരിടുന്ന ഇൻകൽ ജനറൽ മാനെജർ സാം റൂഫസ് ഇൻഡിഗോ വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു.

കോഴ കൊടുത്ത് ടെൻ‍ഡർ നേടിയ തമിഴ്നാട് കമ്പനി സോളാർ പദ്ധതി നടപ്പാക്കിയപ്പോൾ ഈ പദ്ധതിയിലേക്കുള്ള സോളാർ പാനൽ നൽകിയത് തോറ്റു കൊടുത്ത ടോപ്സണ്‍ എനർജീസ്. വർക്ക് ഓർഡറിൽ ഇൻകെൽ ടോപ്സണിൽ നിന്ന് തന്നെ സോളാർ പാനൽ എടുക്കണമെന്ന് നിഷ്ക്കർഷിക്കുകയും ചെയ്തു.ടോപ്സണിൽ നിന്നും ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങിയെന്ന പരാതി ഇൻകെൽ എംഡി ഇളങ്കോവന് കിട്ടി.പക്ഷെ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നത് വരെയും അഴിമതിക്കാരുടെ മേൽ ഒരു പൊടി പോലും വീഴാതെ എംഡിയും സംരക്ഷിച്ചു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios