ഇന്ന് ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മുതിർന്ന നേതാവായ കാസിം ഇരിക്കൂർ പക്ഷമാണ് പുതിയ നീക്കത്തിന് പിന്നിൽ.
കോഴിക്കോട്: എൽഡിഎഫ് ഘടകകക്ഷിയായ ഐ എൻ എൽ (INL) വീണ്ടും പിളർപ്പിലേക്ക്. നിലവിലുള്ള സംസ്ഥാനകമ്മറ്റി പിരിച്ചുവിടാൻ നീക്കം. ഇന്ന് ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മുതിർന്ന നേതാവായ കാസിം ഇരിക്കൂർ പക്ഷമാണ് പുതിയ നീക്കത്തിന് പിന്നിൽ.
നേരത്തെയുണ്ടായ പിളർപ്പിന് ശേഷം യോജിച്ചുവെങ്കിലും ഇരുപക്ഷവും തങ്ങളുന്നയിച്ച പ്രധാന പ്രശ്നങ്ങളിൽ തർക്കം തുടരുകയായിരുന്നു. എൽഡിഎഫ് നൽകിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കിടുന്നതടക്കം തർക്കം കാരണം നീണ്ടു. ഇനി യോജിച്ച് പോകാനാവില്ലെന്നാണ് കാസിം ഇരിക്കൂർ പക്ഷത്തിന്റെ നിലപാട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനാണ് ദേശീയ കൗൺസിൽ ഇന്ന് ചേരുന്നതെന്നാണ് വാദമെങ്കിലും കേരളഘടകത്തെ പിരിച്ച് വിടലാണ് പ്രധാന അജണ്ട.
പ്രസിഡണ്ട് എപി അബ്ദുൾവഹാബിനെ ദേശീയ കൗൺസിലിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ നീക്കാനാണ് ശ്രമം. അബ്ജുൾ വഹാബ് യോഗത്തിൽ പങ്കെടുക്കില്ല. വൈകിട്ട് 4 ന് ഓൺലൈനായാണ് യോഗം നടക്കുക. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പിന്തുണയോടെയാണ് നീക്കം. സിപിഎം നേരത്തെ ഇക്കാര്യത്തിൽ നൽകിയ അന്ത്യശാസനം മാനിച്ച് പിളർപ്പിൽ നിന്ന് പിൻമാറിയെങ്കിലും കാര്യങ്ങൾ പഴയ പടി തന്നെയായിരുന്നു. രണ്ടര വർ ഷത്തേക്കാണ് മന്ത്രി സ്ഥാനം ഐഎൻഎല്ലിന് നൽകിയത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും മറ്റു പദവികൾ പങ്കിടുന്നതുമാണ് തർക്കത്തിന് തുടക്കമിട്ടത്.
