Asianet News MalayalamAsianet News Malayalam

ഷാജിയുടെ വീടിരിക്കുന്ന വേങ്ങേരിയിലെ ഭൂമി വാങ്ങിയത് എംകെ മുനീറിന്റെ ഭാര്യയുടെ കൂടി പേരിൽ; ഇഡിക്ക് പരാതി

വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു

INL leader Abdul Azeez files complaint against MK Muneer to Enforcement
Author
Kozhikode, First Published Nov 16, 2020, 1:00 PM IST

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെ എം കെ മുനീർ എംഎൽഎക്ക് എതിരെയും പരാതി. കെ എം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എം കെ മുനീറിനും പങ്കെന്നാണ് പരാതി. ഐഎൻഎൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്.

വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നെന്ന് പരാതിയിൽ പറയുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിൽ. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാൽ ആധാരത്തിൽ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിൽ പറയുന്നു. രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങൾ വെട്ടിച്ചെന്നാണ് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നത്.

കെ എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണെന്നും ഇത് നെറികെട്ട നിലപാടാണെന്നും രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യോഗത്തില്‍ കെ എം ഷാജിയെ വിളിച്ചുവരുത്തി വിശദീകരണവും തേടി. 

തുടർച്ചയായി ഇഡി ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഉന്നതാധികാര സമിതി യോഗം ചേർന്നതിന് തൊട്ട് പിന്നാലെയാണ് ഷാജിയെ വിളിച്ച് വരുത്തി വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. യൂത്ത് ലീഗിന്‍റെ സെക്രട്ടറിയാണ് നിലവിൽ കെഎം ഷാജി. ഷാജിയെ ഇഡി വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ തുടരുകയാണ്. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി

Follow Us:
Download App:
  • android
  • ios