Asianet News MalayalamAsianet News Malayalam

രാജിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ, പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ 

നിരോധനം ഒരു പ്രത്യയ ശാസ്ത്രത്തെയും ഇല്ലാതാക്കാനുളള മാർഗമല്ല. പകരം ആശയപരമായി നേരിടുകയാണ് വേണ്ടത്. അതിനാൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വിശദീകരിച്ചു.

inl response on popular front of india ban
Author
First Published Sep 28, 2022, 3:15 PM IST

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൽ പ്രതികരിച്ച് ഐഎൻഎൽ. നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരോധനം ഒരു പ്രത്യയ ശാസ്ത്രത്തെയും ഇല്ലാതാക്കാനുളള മാർഗമല്ല. പകരം ആശയപരമായി നേരിടുകയാണ് വേണ്ടത്. അതിനാൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വിശദീകരിച്ചു.

പിഎഫ്ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങൾ നേതാക്കൾ തള്ളി. 

റീഹാബ് ഫൌണ്ടേഷൻ തുടക്കത്തിൽ നല്ല സംഘടനയായാണ് പ്രവർത്തിച്ചിരുന്നതെന്നും പിന്നീട് തീവ്രവാദ സംഘങ്ങൾ നുഴഞ്ഞു കയറിയതോടെ മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും നേതാക്കൾ വിശദീകരിച്ചു.  റീഹാബ് ഫൗണ്ടറിനുമായി നിലവിൽ മുഹമ്മദ്‌ സുലൈമാന് ബന്ധമില്ല. അദ്ദേഹമിപ്പോൾ ഐഎൻഎൽ പാർട്ടി പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകുകയാണെന്നും നേതാക്കൾ വിശദീകരിച്ചു. 

റീഹാബ് ഫൌണ്ടേഷനുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും വിശദീകരിച്ചു. സുരേന്ദ്രന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രിസഭയിൽ ആർക്കും നിരോധിത സംഘടനയുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം രാജിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അടിസ്ഥാന രഹിതമാ ആരോപണമുന്നയിച്ച  സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

പിഎഫ്ഐ നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ- റിഹാബ് ഫൗണ്ടേഷൻ ബന്ധത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം ഉയർന്നത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമെന്നായിരുന്നു ബിജെപി ആരോപണം. 

ഐഎൻഎൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനാണ് റിഹാബ് ഫൗണ്ടേഷൻ ട്രസ്റ്റിയെന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റ്. കേരളത്തിലെ മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഐഎൻഎഎൽ ജനറൽ സെക്രട്ടറിയെന്നും തീവ്രവാദ ബന്ധമുണ്ടാകില്ലേയെന്നുമായിരുന്നു ചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എൽഡിഎഫിനും ദേവർകോവിലിനുമെതിരെ കൂടുതൽ കടുപ്പിച്ച് പ്രതികരണവുമായി രംഗത്തെത്തി. ഇതോടെ ഐഎൻഎൽ മറുപടിയുമായി രംഗത്തെത്തി. റിഹാബ് ഫൗണ്ടേഷനുമായി ദേവർകോവിലിന് ബന്ധം ഇല്ലെന്നായിരുന്നു ഐഎൻഎൽ മറുപടി. നേരത്തെ ഉണ്ടായിരുന്ന ബന്ധം മുഹമ്മദ് സുലൈമാൻ ഉപേക്ഷിച്ചെന്നും സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ വിശദീകരിക്കുന്നു. ഐഎൻഎൽ-റിഹാബ് ബന്ധത്തിന് തെളിവെന്ത് എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരിയുടെ ചോദ്യം.

Follow Us:
Download App:
  • android
  • ios