തിരുവനന്തപുരം: ജപ്തി നടപടി വരുമെന്ന് അറിഞ്ഞതിനിടെ ആത്മഹത്യ ചെയ്ത നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശികളായ അമ്മയുടേയും മകളുടേയും പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.  ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി തൽക്ഷണവും അമ്മ ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ്. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന ആരോപണം പരിശോധിക്കുകയാണെന്നും സത്യമെന്ന് വ്യക്തമായാൽ ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് റവന്യൂ മന്ത്രി നൽകുന്ന സൂചന.

എന്നാൽ വൈഷ്ണവിയുടെ അമ്മൂമ്മയുടെയും അയൽവാസിയുടെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിലേക്ക് കുടുംബത്തെ തള്ളിവിട്ടതെന്നാണ് ഇവരുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തിൽ വകുപ്പുകള്‍ മാറ്റുമെന്നാണ് പൊലീസ് പറയുന്നത്.