തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മരിച്ച അന്‍സാരിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്‍റെ മുറിവുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശരീരത്തില്‍ സംശയാസ്‍പദമായ മുറിവുകളില്ല, മര്‍ദിച്ചതിന്‍റെ മുറിവോ ചതവോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൊബൈൽ മോഷണത്തിന് കസ്റ്റഡിയിൽ എടുത്ത പൂന്തുറ സ്വദേശി അൻസാരിയെ ഇന്നലെ രാത്രിയോടെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വൈകീട്ട് 5.30 ഓടെയാണ് അൻസാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൊബൈൽ മോഷ്ടിച്ചതിന് നാട്ടുകാർ പിടിച്ച് പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ നിർത്തിയ അൻസാരിയുടെ ചുമതല 2 ഹോം ഗാര്‍ഡുമാരെ ഏല്‍പ്പിച്ചിരുന്നു. ഇവിടെ നിന്ന് ശുചിമുറിലേക്ക് പോയ അൻസാരിയെ ഏറെനേരം കഴിഞ്ഞും കാണാതായതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.