മരട്: മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധന സ്ഫോടക വസ്തു വിദഗ്ധ‍ർ ഇന്നും തുടരും. ഇന്നലെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്, ഡോ. ആർ വേണുഗോപാലിന്‍റെ നേതൃത്ത്വത്തിലുള്ള വിദഗ്ധർ ആദ്യഘട്ട പരിശോധന നടത്തിയിരുന്നു.

തിങ്കളാഴ്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിനായുള്ള 1600 കിലോ സ്ഫോടക വസ്തുക്കൾ കേരളത്തിലെത്തിക്കും. ഇവ അങ്കമാലിയിലെ ഗോ‍ഡൗണിലാകും സൂക്ഷിക്കുക. ജനുവരി മൂന്ന് മുതൽ സ്ഫോടക വസ്തുക്കൾ ഫ്ലാറ്റുകളിൽ സ്ഥാപിച്ച് തുടങ്ങും. ജനുവരി പതിനൊന്നിനും പന്ത്രണ്ടിനുമാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൂർണ്ണമായും പൊളിക്കുന്നത്.

ഇതിന് മുന്നോടിയായി ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്തെ വീടുകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ആള്‍ത്താമസം കുറഞ്ഞ പ്രദേശത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യങ്ങളിലൊന്ന്.

ഇവ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ആള്‍ത്താമസം കൂടുതലുള്ള പ്രദേശത്തെ ആല്‍ഫാ ഫ്ലാറ്റുകള്‍ ആദ്യ ദിവസം തന്നെ പൊളിക്കാന്‍ സബ് കളക്ടർ തീരുമാനിച്ചത്. വീടുകള്‍ക്ക് കേടുപാടുണ്ടായാല്‍ നഷ്ടപരിഹാരം എളുപ്പത്തില്‍ ലഭ്യമാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍, ഇൻഷുറൻസ് നടപടികള്‍ വേണ്ടവിധം അറിയിക്കുന്നില്ലെന്ന പരാതിയുമായി നഗരസഭയും രംഗത്തെത്തി. ആശങ്കകള്‍ പരിഹരിക്കാതെ നടപടികളുമായി മുന്നോട്ട് പോയാല്‍ വീടുകളില്‍ നിന്നൊഴിയാതെ സമരം നടത്താനും നാട്ടുകാർ ആലോചിക്കുന്നുണ്ട്. അനുകൂല നടപടിയുണ്ടാകുന്നത് വരെ സബ് കളക്ടറുമായി ചർച്ച വേണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍.

ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം ഇങ്ങനെയാണ്: 

ജനുവരി 11- രാവിലെ 11 മണി - ഹോളി ഫെയ്‍ത്ത് - 19 നിലകൾ - എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 11- 11.30 മണി - ആൽഫ സെറീൻ ടവേഴ്‍സ് - വിജയ സ്റ്റീൽ എന്ന കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- രാവിലെ 11 മണി - ജെയ്ൻ കോറൽ കോവ്, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല
ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണി - ഗോൾഡൻ കായലോരം, എഡിഫെസ് കമ്പനിക്ക് പൊളിക്കൽ ചുമതല