കോഴിക്കോട്: മുക്കത്ത് അജ്ഞാത സംഘമെത്തിയതായി സൂചന. ജൂലായ് അവസാന വാരവും ആഗസ്റ്റ് ആദ്യ വാരവും ഇവർ ജനവാസമില്ലാത്ത സ്ഥലത്ത് തങ്ങിയതായി പ്രദേശവാസികൾ പറയുന്നു. രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ കൂടുതലായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്.

മുക്കം വൈദ്യർമലയിൽ പന്ത്രണ്ടംഗ അജ്ഞാത സംഘം ദിവസങ്ങളോളം ക്യാംപ് ചെയ്തു എന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. പ്രദേശത്ത് ഒരു സംഘം എത്തിയതായും ഇവർ മുള കൊണ്ടുള്ള താൽക്കാലിക ടെന്‍റ് സ്ഥാപിച്ചതിന്‍റെ തെളിവ് കിട്ടിയതായും പൊലീസ് പറയുന്നു. 

എന്നാൽ  ദുരൂഹതയുണ്ടാക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തെ കുറിച്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ സംഘം അന്വേഷണം തുടങ്ങി. ആയുധ പരിശീലനമടക്കം നടന്നതായി സംശയമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. എന്നാൽ ഇവർ വളരേ കുറച്ച് ദിവസമേ സ്ഥലത്ത് തങ്ങിയിട്ടുള്ളു എന്ന് മറ്റ് ചില പ്രദേശവാസികൾ  പൊലീസിന് മൊഴി നൽകി.

രണ്ട് ദിവസമായി കേരള പൊലീസ് സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട്. മുക്കം കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയായ വൈദ്യർമല വനമേഖലയല്ലാത്തതിനാൽ ക്യാംപ് ചെയ്തത് മാവോയിസ്റ്റ് സംഘമല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രകൃതി മനോഹരമായ സ്ഥലമായതിനാൽ വിനോദ സഞ്ചാരികളാണെന്നും സംശയമുണ്ട്. അപ്പോഴും കൊവിഡ് കാലത്ത് വിനോദ സഞ്ചാരികൾ എങ്ങനെ എത്തിയെന്ന സംശയവും ബാക്കിയാവുന്നു.