തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കപട്ടിക പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. ഓരോ ജില്ലയിലും പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍, കൊച്ചി പൊലീസ് തയ്യാറാക്കിയ ആപ്പിന് കൈമാറണമെന്ന നോഡൽ ഓഫീസർ വിജയ് സാക്കറയുടെ നിർദ്ദേശത്തിനെതിരെ ദക്ഷിണ മേഖലാ ഐജി ഡിജിപിയെ സമീപിച്ചു. തന്റെ കീഴിലുള്ള എസ്പിമാർ ആപ്പിലേക്ക് വിവരം കൈമാറരുതെന്നും ദക്ഷിണമേഖല ഐജി ഹർഷിതാ അത്തല്ലൂരി നിർദ്ദേശിച്ചു.

കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന വിവാദം കത്തി നിൽക്കെയാണ് പൊലീസിലും തർക്കം. ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകൃതമായ ക്രോഡീകരിക്കുന്നതിന് വേണ്ടി വിവരങ്ങള്‍ പ്രത്യേക ആപ്പിലേക്ക് അയക്കണമെന്നാണ് നോഡൽ ഓഫീസർ കൂടിയായ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയസാക്കറെ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടത്. 

ദില്ലി ആസ്ഥാനമായ ഒരു കമ്പനിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ ഏത് സർവ്വറിലേക്കാണ് പോകുന്നതെന്ന കാര്യത്തിലും ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ദക്ഷിണ മേഖലാ ഐജിയുടെ എതിർപ്പ്. കൊച്ചിയിൽ തയ്യാറാക്കിയ ആപ്പിലേക്ക് വിവരങ്ങൾ കൈമാറരുതെന്നാണ് ഹർഷിത അട്ടല്ലൂരി തന്‍റെ കീഴിലുള്ള എസ് പിമാർക്ക് നൽകിയ നിർദ്ദേശം. സർക്കാർ ഉത്തരവ് പ്രകാരം കൊവിഡ് ജാഗ്രത പോർട്ടൽ ഒഴികെയുള്ള മറ്റൊരു ആപ്പിലേക്ക് എങ്ങിനെ വിവരങ്ങൾ കൈമാറുമെന്നും ഇതിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട് ഐജി ഡിജിപിക്ക് കത്ത് നൽകി.

നേരത്തെ കാസർഗോഡും, കണ്ണൂരും രോഗികളുടെ വിവരങ്ങള്‍ ചോർന്നത് ഏറെ വിവാദമായിരുന്നു. ഇത് പൊലീസ് തയ്യാറാക്കിയ ആപ്പ് വഴിയെന്ന സംശയവും ഉയർന്നിരുന്നു.