കോഴിക്കോട്: കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍. ശോഭ സുരേന്ദ്രനും പി എം വേലായുധനും പിന്നാലെ കെ പി ശ്രീശനും പരസ്യ വിമര്‍ശനമുന്നയിച്ചു. മറ്റ് നിവർത്തിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്നും  പരാതികൾ പരിഹരിക്കണമെന്നും കെ പി ശ്രീശന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. 

ആദ്യം ശോഭ സുരേന്ദ്രന്‍ പിന്നെ പി എം വേലായുധന്‍ ഇപ്പോള്‍ കെ പി ശ്രീശന്‍. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന അസാധാരണ കാഴ്ചയാണ് സംസ്ഥാന ബിജെപിയില്‍. അതും തദ്ദേശഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ. അവഗണിക്കപ്പെട്ടു എന്ന തോന്നൽ ആർക്കും വരാതെ നോക്കേണ്ടതായിരുന്നെന്നും മറ്റ് വഴിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്ന് കെ പി ശ്രീശന്‍ പറഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണം.

ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല മറിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ഇങ്ങനെ പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും കാട്ടി ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ ഇതിനകം രണ്ട് വട്ടം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിക്കഴിഞ്ഞു. 

കെ പി ശ്രീശന്‍ അടക്കമുളള നേതാക്കളും ശോഭ തുടങ്ങിവച്ച നീക്കങ്ങളുടെ ഭാഗമാണ്. ഇന്നലെ എ എന്‍ രാധാകൃഷ്ണന്‍ പി എം വേലായുധനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ സംഘടനാ പ്രശ്നങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. 

ബിജെപിയില്‍ ചേരിപ്പോര്