സീറ്റ് നൽകിയില്ല. നേരത്തെ ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്ന് ആരോപണം. സിപിഎയുടെ ഓഫീസേഴ്സ് സംഘടനയിലെ മൂന്ന് പേർ സ്വതന്ത്രമായി മത്സരിക്കുന്നു.

തിരുവനന്തപുരം. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ ബി ജീവനക്കാരുടെ സഹകരണസംഘത്തിൻ്റെ (സ്പെഷ്യൽ എ ഗ്രേഡ് ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയിസ് സഹകരണസംഘം) ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഓഫീസർമാരുടെ സംഘടന ഒറ്റക്ക് മത്സരിക്കുന്നു. സിഐടിയു അനുകൂലസംഘടനയായ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വം തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് നീക്കമെന്ന് സിപിഐയുടെ ഓഫീസ‍ർ സംഘടനയായ ഓഫീസേഴ്സ് ഫെഡറേഷൻ. 2021ൽ ഭരണസമിതിയുടെ സീറ്റുകളുടെ എണ്ണം 9ൽ നിന്ന് 13 ആയി കൂട്ടിയപ്പോൾ ഈ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ ധാരണയുണ്ടായിരുന്നുവെന്ന് ഓഫീസേഴ്സ് ഫെഡറേഷന് പറഞ്ഞു. എന്നാൽ ഈ ധാരണ ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. അതിനാലാണ് ഒറ്റക്ക് മത്സരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. ഓഫീസർമാരുടെ സംഘടന ഒറ്റക്ക് മത്സരിക്കുന്നെങ്കിലും എഐടിയുസി സംഘടന സിപിഎം നേതൃത്വം നൽകുന്ന പുരോഗമനസഹകരണ മുന്നണിക്കൊപ്പമാണ് മത്സരിക്കുന്നത്. ഐഎൻ‌ടിയുസി യൂണിയൻ അവരുടെ യുഡിഇഎഫ് മുന്നണിയിൽ വിമതപക്ഷക്കാർക്കും സീറ്റ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.