Asianet News MalayalamAsianet News Malayalam

കുട്ട്യോൾക്ക് മാത്രം മതിയോ രസമൊക്കെ?' വാർധക്യദിനത്തിൽ ആടിപ്പാടി അപ്പൂപ്പൻമാരും അമ്മൂമ്മമാരും

വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ മറന്ന് ആടിയും പാടിയും ലോക വൃദ്ധ ദിനം ആഘോഷമാക്കുകയാണ് കോഴിക്കോട്ടെ വയോധികർ. ആയിരത്തിലധികം പേരാണ് വസന്തം 2019 എന്ന പേരിൽ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.

international old age day celebrated in calicut
Author
Kozhikode, First Published Oct 1, 2019, 7:44 PM IST

കോഴിക്കോട്: ഇന്ന് ലോക വൃദ്ധദിനം. ജീവിതത്തിന്റെ രണ്ടാം ബാല്യം ആസ്വദിക്കുന്നവർക്കായി മാറ്റി വയ്ക്കപ്പെട്ട ദിവസം. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നീ ചർച്ചകൾ ഉയർത്തിയാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി അംഗീകരിച്ചത്. 

വൃദ്ധ ദിനത്തിൽ കോഴിക്കോടും ഒരാഘോഷം നടന്നു. വെറും ആഘോഷമല്ല. ഒരൊന്നൊന്നര ആഘോഷം. വസന്തം 2019 എന്ന പേരിൽ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയാണ് കണ്ട് നിന്നവരുടെയും കൺകുളിർപ്പിക്കുന്ന കാഴ്ചയ്ക്ക് വേദിയായത്. വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ മറക്കാനും ജീവിതത്തിന്റെ അസ്തമകാലത്തിന് ഒരൽപ്പം ഭംഗി കൂട്ടാനുമായി ആയിരത്തിലധികം പേരാണ് ടാഗോർ ഹാളിൽ ഒത്തുകൂടിയത്.

ആടിയും പാടിയും വൃദ്ധദിനം അവർ ആഘോഷമാക്കി. വടി കുത്തിയും ചിലർ വേദിയിലെത്തി. പ്രായവും അവശതകളും ഒക്കെ മറന്നു. ചിലർ നൃത്തം ചവിട്ടി , ചിലർ പാട്ടു പാടി. എന്തിന്? 80 ന്റെ  നിറവിൽ വേദിയെ ചിരിപ്പിച്ച ഹാസ്യ പരിപാടികൾ വരെയുണ്ടായി പല്ലില്ലാത്ത കലാകാരൻമാരുടെയും കലാകാരികളുടെയും വക.

മത്സരങ്ങളിൽ ആകട്ടെ ആവേശം ഇരട്ടിയായി. മുത്തശിമാർക്ക് ചിരി അടക്കാനാകാത്തത് കസേരകളിയ്ക്കിടെയായിരുന്നെങ്കിൽ മുത്തശ്ശൻമാർ സാരിയുടുക്കൽ മത്സരം പൊളിച്ചടുക്കി. കാഴ്ചകൾ കണ്ട് ചിലർ കുരുന്നുകളെ പോലെ ചിരിച്ചു. ചിലർക്ക് കൗതുകം. മറ്റ് ചിലർ നമ്മളിതെത്ര കണ്ടിരിക്കുന്നെന്ന ഭാവത്തിലങ്ങനെ നോക്കിയിരുന്നു. മത്സരത്തിൽ എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായി. 

international old age day celebrated in calicut

കേരള സാമൂഹ്യമിഷനും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായാണ് വസന്തോത്സവം സംഘടിപ്പിച്ചത്. അങ്ങനെ അവർക്കായി മാത്രം കരുതിയ മണിക്കൂറുകളെ ആഘോഷമാക്കി മുത്തശൻമാരും മുത്തശികളും മടങ്ങി, അടുത്ത വസന്തോത്സവത്തെ ഒരുമിച്ച് എതിരേൽക്കാം എന്ന പ്രതീക്ഷയിൽ...

Follow Us:
Download App:
  • android
  • ios