Asianet News MalayalamAsianet News Malayalam

'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം'; നാളെ അന്താരാഷ്ട്ര യോഗ ദിനാചരണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം.

international yoga day celebration state level inauguration
Author
Thiruvananthapuram, First Published Jun 20, 2021, 5:48 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ആയുര്‍വേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ്‍ ഡോ. പി.കെ വാര്യരെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കുന്നു.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയുഷ് മിഷന്‍ നിരവധി പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 'വീട്ടില്‍ കഴിയാം യോഗയ്‌ക്കൊപ്പം' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ തീം. യോഗത്തോണ്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ യോഗ സെഷന്‍, ആയുര്‍യോഗ പദ്ധതി എന്നിവയാണ് പ്രധാന പരിപാടികള്‍.

വിവിധ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വിവിധ പ്രായക്കാര്‍ക്കും വിവിധ അവസ്ഥകളിലുള്ളവര്‍ക്കും ശീലിക്കാവുന്ന യോഗയുടെ രീതികള്‍ പരിചയപ്പെടുത്താനാണ് യോഗത്തോണ്‍ സംഘടിപ്പിക്കുന്നത്. വികേ്‌ടേഴ്‌സ് ചാനല്‍ വഴി ജൂണ്‍ 21 മുതല്‍ മൂന്ന് ദിവസങ്ങളിലായി രാവിലെ 8.30നും രാത്രി 9 മണിക്കുമാണ് 'സ്‌പെഷ്യല്‍ യോഗ സെഷന്‍ ഫോര്‍ സ്റ്റുഡന്റ്‌സ്' പരിപാടിയുടെ സംപ്രേഷണം. 

സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ കോളേജുകളും കേന്ദ്രീകരിച്ച് ആയുര്‍വേദവും യോഗയും ബന്ധപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആയുര്‍യോഗ എന്ന പ്രത്യേക പദ്ധതിയും ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുന്നു. ഇതുകൂടാതെ റേഡിയോ, ചാനലുകള്‍, ദൃശ്യമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും നിരവധി പരിപാടികള്‍ യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios