തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഡോ. എസ് കെ പഥക്കിനെ 29 ന് വിസ്തരിക്കും. കേസിലെ 87 ആം സാക്ഷിയാണ് ഡോ. പഥക്ക്. ആരോഗ്യ പ്രശ്നനങ്ങൾ കാരണം ജയ്‍പൂരില്‍ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാകും വിസ്‍താരം.  ജയ്പൂർ സാവായ് മാൻ സിംഗ് മെഡിക്കൽ കോളേജിലെ ഫോറൻസിക് തലവനായിരുന്ന ഡോ. പഥക്കാണ് ഡമ്മി പരീക്ഷണം നടത്തി കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയത്. അഭയ കേസിൽ ഇതുവരെ 35 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ 27 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടു പേർ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷികൾ കൂറുമാറിയതിനാൽ ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷൻ വാദം.

സിസ്റ്റർ അഭയ കേസിലെ വിചാരണ നിര്‍ണ്ണായകമൊഴികളും വാദങ്ങളുമായി പുരോഗമിക്കുകയാണ്. സാക്ഷികളുടെ രഹസ്യമൊഴിയെടുത്ത  മുൻ മജിസ്ട്രേറ്റ് ശരത്ചന്ദ്രന്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരായിരുന്നു. സിസ്റ്റര്‍ അഭയയെ കോട്ടയം സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാലത്ത് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് ആയിരുന്നു ശരത് ചന്ദ്രന്‍. ശരത്ചന്ദ്രൻ ഇപ്പോൾ ഇടമലയാർ പ്രത്യേക കോടതിയിലെ ജഡ്ജിയാണ്. സഞ്ചു പി മാത്യു,അടയ്ക്ക രാജു,മരണപ്പെട്ട ചെല്ലമ്മ ദാസ് എന്നി സാക്ഷികളുടെ രഹസ്യമൊഴിയാണ് 2008 ൽ ശരത്ചന്ദ്രന്‍ രേഖപെടുത്തിയത്. 

ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂറിനെ കോണ്‍വെന്‍റില്‍ രാത്രി സമയങ്ങളിൽ പല പ്രാവശ്യം കണ്ടുവെന്ന് സാക്ഷികള്‍ രസഹ്യമൊഴി നൽകിയിരുന്ന് ശരത് ചന്ദ്രൻ സ്ഥിരീകരിച്ചിരുന്നു. വിചാരണയ്‍ക്ക് മുമ്പേ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫാദര്‍ ജോസ് പൂതൃക്കയിലിനെതിരെയും രഹസ്യമൊഴി ഉണ്ടായിരുന്നുവെന്ന് ശരത് ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ മൊഴി നല്‍കിയ കോണ്‍വെന്‍റിലെ രാത്രി കാവല്‍ക്കാരനായിരുന്ന ചെല്ലമ്മദാസ് ഇപ്പോള്‍ ജിവിച്ചിരുപ്പില്ല.