ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകൾ അറിയിച്ചു
കോഴിക്കോട്: മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ച് മലബാർ മേഖലയിലെ അന്തർ സംസ്ഥാന ലക്ഷ്വറി ബസ്സുകൾ പണിമുടക്കിയതോടെ നൂറ് കണക്കിന് യാത്രക്കാർ വലഞ്ഞു. കേരള കർണാടക സ്റ്റേറ്റ് ബസ്സുകൾ ബെംഗലൂരുവിലേക്ക് അധിക സർവ്വീസുകൾ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്.
കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകളിൽ കർശ്ശന പരിശോധനയാണ് നടത്തുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന മിന്നൽ പരിശോധനയിൽ അനാവശ്യമായി ഫൈൻ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാർ മേഖലയിലെ അന്തർസംസ്ഥാന ലക്ഷ്വറി ബസ്സുടമകൾ സൂചനാ പണി മുടക്ക് നടത്തിയത്.
കർണാടക സ്റ്റേറ്റിന്‍റെ ആറും കേരള സ്റ്റേറ്റിന്റെ നാലും വണ്ടികൾ അധികമായി സർവ്വീസ് നടത്തി. ഇന്ന് ഗതാഗതമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുമെന്ന് ബസ്സുടമകൾ അറിയിച്ചു.
