വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ ലഹരി ​ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. റെമീസ് പി കെ, ജുറൈജ് പി സി എന്നിവരെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം മുത്തങ്ങ ചെക്‌പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ  മൈസൂർ - കോഴിക്കോട് കെഎസ്ആർടിസി ബസിൽ നിന്ന് 145 ​ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി എമ്മിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.

ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിർത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്‍റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വർദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അതിർത്തികളിലടക്കം പരിശോധന ശക്തമാക്കിയത്.