കോൺഗ്രസിലെ ചേരിപ്പോരിൽ മുഖ്യമന്ത്രി വി ഡി സതീശന് ശക്തമായ പിന്തുണയുമായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ രംഗത്ത്. സ്ഥാനമോഹികളായ ചില നേതാക്കൾ മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുകയാണെന്നും ഇവരെ പൊതുസമൂഹം ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കോൺഗ്രസിലെ ചേരിപ്പോരിൽ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്തുന്നവർ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവരാണ്. ഇഷ്ടമുള്ളത് കിട്ടിയില്ലെങ്കിൽ എല്ലാം നശിപ്പിച്ചു കളയാമെന്ന് സ്ഥാന മോഹികൾ കരുതുന്നു. സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം നേതാക്കളെ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഒറ്റപ്പെടുത്തും. വി ഡി സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ട ആളല്ലെന്നും ഫേസ്ബുക്കിൽ ആർ ചന്ദ്രശേഖരൻ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

അഞ്ച് മാസം എന്ന ചെറിയ കാലയളവിനുള്ളിൽ കേരളത്തെ ഉടച്ചുവാർത്ത ഒരു മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്താൻ ശ്രമിക്കുന്നവർ, കഴിഞ്ഞ പത്തുവർഷത്തെ പ്രതിപക്ഷ അനുഭവങ്ങളിൽനിന്ന് സ്വയം പാഠം പഠിക്കാത്തവരാണ്. സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത ഇത്തരം നേതാക്കളെ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഒറ്റപ്പെടുത്തും എന്നതിൽ സംശയമില്ല.

വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു പൊതുപ്രവർത്തകനാണ് അദ്ദേഹം എന്ന ബോധ്യമുള്ളയാളാണ് ഞാൻ. അല്ലെങ്കിൽ, എത്രയോ കേരള മുഖ്യമന്ത്രിമാർ ശബരിമല സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ സന്ദർശനത്തിനിടയിൽ നടത്തിയ മിന്നൽ പരിശോധനയാണ് ശ്രദ്ധേയമായത്. ശബരിമല സന്ദർശിക്കുന്ന സാധാരണ ഭക്തർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി അതിനോട് പ്രതികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്, അദ്ദേഹം ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന നേതാവായതു കൊണ്ടാണ്; കെട്ടിയിറക്കപ്പെട്ട ഒരാളല്ലാത്തതു കൊണ്ടാണ്.

അതേ വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് കെട്ടിയിറക്കപ്പെട്ടയാളല്ല. കേരളത്തിന്റെ രാഷ്ട്രീയത്തിൽ വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് എംഎൽഎ ആയ അദ്ദേഹം, പിന്നീട് തുടർച്ചയായ രണ്ടാം തവണയും മുന്നണി പ്രതിപക്ഷത്തിരിക്കാൻ വിധിക്കപ്പെട്ടപ്പോൾ ധൈര്യപൂർവം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ശക്തനായ പ്രതിപക്ഷ നേതാവായി മുന്നണിയെ നയിച്ച്, പുതുയുഗ യാത്രയിലൂടെ കേരളത്തിന് പുത്തൻ പ്രതീക്ഷകൾ നൽകി, ജനങ്ങളുടെ പൂർണ പിന്തുണ ആർജിച്ച് യുഡിഎഫിനെ 102 സീറ്റുകളോടെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള യാത്ര ഒരു നാടിന്റെ ഒന്നാകെയുള്ള പിന്തുണ നേടിക്കൊണ്ടായിരുന്നു. ജനങ്ങളാണ് ജനാധിപത്യത്തിൽ കാര്യക്കാർ എന്ന് തെളിയിക്കപ്പെട്ട നാളുകളായിരുന്നു അത്.

കോൺഗ്രസിലെ സ്ഥാനമോഹികളായ രാഷ്ട്രീയ കുപ്പായക്കാർ തങ്ങൾക്ക് ഇഷ്ടപ്പെട്ടത് ലഭിച്ചില്ലെങ്കിൽ എല്ലാം നശിപ്പിച്ചുകളയാമെന്ന് കരുതുന്നത് ശരിയായ രീതിയല്ല. ചുരുങ്ങിയ നാളുകൾക്കുള്ളിൽ വി ഡി സതീശൻ സർക്കാർ കേരളത്തിന് ഗുണകരമായ രീതിയിൽ ചെയ്ത കാര്യങ്ങൾ അത്തരക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂടെ ആരുണ്ടെന്നും ആരില്ലെന്നും നോക്കാതെ, തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി പങ്കുവെച്ച ആശയങ്ങൾ നടപ്പിലാക്കുന്നതിന്റെ തിരക്കിലാണ് വി ഡി സതീശൻ. ഓരോ പദ്ധതിയും കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കുകയാണ് അദ്ദേഹം. കേരളത്തെ ഒരു തുറമുഖ നഗരമായി മാറ്റാനുള്ള പ്രവർത്തനങ്ങൾ, ടൂറിസം മേഖലയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ, ഉന്നത പഠനത്തിനായി നമ്മുടെ കുട്ടികൾ വിദേശത്തേക്ക് നടത്തുന്ന കുടിയേറ്റം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതികൾ, ഖജനാവ് നിറയ്ക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ കൈകളിലേക്ക് പണമെത്തിച്ച കഴിഞ്ഞ ഓണക്കാലത്തെ സാമ്പത്തിക നീക്കങ്ങൾ എന്നിവയെല്ലാം കേരളം അംഗീകരിച്ചവയാണ്.

തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, തുടക്കമെന്ന നിലയിൽ സ്വീകരിച്ച നടപടികളെ ഐഎൻടിയുസി പ്രസിഡന്റ് എന്ന നിലയിൽ നേരിട്ട് അഭിനന്ദിച്ചതാണ്. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന രണ്ട് ലക്ഷത്തിലധികം ഫയലുകൾ തീർപ്പാക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ച തീരുമാനവും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കെ കരുണാകരന്റെ ഫയർ ടു ഫീൽഡ് പദ്ധതിയോട് സാമ്യമുള്ള ഈ പുതിയ പദ്ധതി ഭരണ സംവിധാനത്തിലെ കാലതാമസം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഓരോ തീരുമാനവും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ മാധ്യമപ്രവർത്തകർ നാലുപാടു നിന്നും വിമർശനങ്ങൾ ഉന്നയിക്കുകയും ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, വസ്തുതകൾ നിരത്തി വിഷയങ്ങൾ മറ്റുള്ളവർക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്ന വി ഡി സതീശന്റെ മികവ് വിസ്മയകരമാണ്.

നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടത്തിത്തരാൻ ദൈവത്തിന് പോലും കഴിയാത്തപ്പോൾ, ദീർഘവീക്ഷണത്തോടെ തീരുമാനങ്ങളെടുത്ത് അവ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആത്മാർഥമായ പ്രവർത്തനങ്ങൾ കാണുമ്പോൾ, അതിനായി അദ്ദേഹം ഇത്രയേറെ കഷ്ടപ്പെടുമ്പോൾ, അദ്ദേഹത്തിന് പിന്തുണ നൽകാതിരിക്കാൻ കഴിയില്ല.

നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരം ആക്കാൻ ശ്രമിച്ച ഒരു കെ എം എബ്രഹാം, അയാൾ കിഫ്ബിയുടെ മറവിൽ നടത്തിയ ക്രമക്കേടുകളെ തുറന്നുകാട്ടാനും കിഫ്ബിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പുറത്തുകൊണ്ടുവരാനുമായി സുധാ പിള്ളയെപ്പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധനകൾ നടത്തിയ നടപടികളും ലേബർ കോഡുകൾ ഉൾപ്പെടെയുള്ള തൊഴിലാളി വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും കേരളത്തിലെ പൊതുസമൂഹം ഏറെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

ഇത്തരത്തിൽ കേരളത്തിനായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു മുഖ്യമന്ത്രിയെ പിന്നിൽനിന്ന് കുത്താൻ ശ്രമിക്കുന്നവർ, അതിന് ഒത്താശ ചെയ്യുന്നവർ—അവർ ഈ പാർട്ടിയെ സ്നേഹിക്കുന്നവരല്ലെന്ന് മാത്രമല്ല, കേരളത്തിലെ പൊതുസമൂഹം അവരെ അറപ്പോടെ കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.