സതീശന്‍ ഉയര്‍ന്ന തലത്തില്‍ നിന്ന് നടത്തിയ പ്രസ്താവനയാകാം. ഐഎൻടിയുസി കോൺഗ്രസിന്‍റെ അവിഭാജ്യഘടകമാണെന്ന് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം: വി ഡി സതീശനെതിരായ (V D Satheesan) ചങ്ങനാശ്ശേരിയിലെ പ്രതിഷേധത്തെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖരന്‍. പ്രതിഷേധത്തിന് തീരുമാനം എടുത്തിട്ടില്ലെന്നും വികാര പ്രകടനങ്ങളുടെ സമയമല്ലെന്നും വിവേകത്തോടെ പ്രവർത്തിക്കണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സതീശന്‍ ഉയര്‍ന്ന തലത്തില്‍ നിന്ന് നടത്തിയ പ്രസ്താവനയാകാം. ഐഎൻടിയുസി കോൺഗ്രസിന്‍റെ അവിഭാജ്യഘടകമാണെന്ന് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഎന്‍ടിയുസിയെ പാര്‍ട്ടി കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹം. കോൺഗ്രസിന് ജീവിതം സമ‍ർപ്പിച്ച് നിൽക്കുന്നവരാണ് ഐഎൻടിയുസിയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന സതീശന്‍റെ പരാമര്‍ശത്തിനെതിരെയാണ് തൊഴിലാളികള്‍ ഇന്ന് തെരുവില്‍ ഇറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ചിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു സതീശൻ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്‍റെ പരാമര്‍ശം. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് ആവശ്യപ്പെട്ടു. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് പറഞ്ഞു.