ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിലെ ക്രമക്കേടുകൾ അന്വേഷിക്കാനുളള സമിതിയിൽ ജേക്കബ് തോമസിനെ ഉൾപ്പെടുത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ മൂന്നംഗ സമതിയെ നിയോഗിച്ചു. ഗവേണിംഗ് ബോഡി അംഗം ടി പി സെൻകുമാർ നൽകിയ പരാതി അന്വേഷിക്കാനുളള സമിതിയിൽ ഡിജിപി ഡോ. ജേക്കബ് തോമസും അംഗമാണ്. സംസ്ഥാന സർക്കാരുമായുളള നിയമയുദ്ധത്തെ തുടർന്ന് സർവീസിൽ തിരിച്ചെത്തിയ ജേക്കബ് തോമസിന് പുതിയ നിയോഗം. ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിലെ ക്രമക്കേടുകൾ അന്വേഷിക്കാനുളള സമിതിയിൽ ജേക്കബ് തോമസിനെ ഉൾപ്പെടുത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്. രണ്ട് വർഷത്തോളമായി സസ്പെൻഷിനിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഷൊർണ്ണൂർ സ്റ്റീൽ ആന്റ് മെറ്റൽസ് ഇൻഡസ്ട്രീസ് എംഡിയായി നിയമനനം നൽകിയത്.
നിയമനങ്ങളിലും ഫെല്ലോഷിപ്പുകൾ അനുവദിക്കുന്നതിലുമെല്ലാം സംസ്ഥാന സർക്കാർ അനധികൃതമായി ഇടപെടൽ നടത്തുന്നുവെന്നാണ് സെൻകുമാറിന്റെ പരാതി. ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഗോവർദ്ധൻ മേത്തയുടെ നേതൃത്വത്തിലെ സമിതിയിൽ ബംഗളൂരു നിംഹാൻസ് ഡയറക്ടർ ഡോ ബിഎൻ ഗംഗാധരനും അംഗമാണ്. ഈമാസം 31ന് മുൻപായി റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലായം സമിതിക്ക് നൽകിയ നിർദ്ദേശം. പരാതിയെക്കുറിച്ചോ കേന്ദ്രസമിതിയെ കുറിച്ചോ അറിയില്ലെന്ന് ശ്രീചിത്ര ഡയറക്ടർ വ്യക്തമാക്കി. നേരത്തെ സെൻകുമാർ ഉയർത്തിയ പല ആരോപണങ്ങളും കഴമ്പില്ലെന്ന് കണ്ട് ഭരണസമിതി തളളിയതാണ്.അന്വേഷണ സമിതിയുമായി പൂർണ്ണമായും സഹകരിക്കുമെന്നും ഡയറക്ടർ ഡോ. ആശ കിഷോർ വ്യക്തമാക്കി.
