തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിൽ നിന്നുള്ള ഉത്തരപേപ്പർ ചോർച്ച കേസ് അട്ടിമറിക്കുന്നു. ക്രൈംബ്രാഞ്ചോ, പൊലീസിന്‍റെ പ്രത്യേക സംഘമോ കേസന്വേഷിക്കണമെന്ന ശുപാർശയിൽ ഡിജിപി ഇതുവരെ തീരുമാനമെടുത്തില്ല. ഒരു അക്ഷരംപോലുമെഴുതാത്ത ശിവരഞ്ജിത്തിന്‍റെ ഉത്തരകടലസാണ് സർവ്വകലശാല പൊലീസിന് കൈമാറിയത്. 

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ശിവഞ്ജിത്തിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പരീക്ഷ അട്ടിമറി സൂചിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയത്. ഡിഗ്രിയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ ശിവരഞ്ജിത്തിനും മറ്റൊരു പ്രതിയായ പ്രണവിനും നൽകിയ ഉത്തരപേപ്പറുകളാണ് ലഭിച്ചത്. ഇതേ തുടർന്നാണ് ശിവരഞ്ജിത്തിന്‍റെ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ പൊലീസ് സർവ്വകലാശാലയോട് ആവശ്യപ്പെട്ടത്. 

സർവ്വകലാശാല കൈമാറിയ പേപ്പറിൽ ശിവരഞ്ജിത്ത് ആകെ എഴുതിയിരിക്കുന്നത് പരീക്ഷ നമ്പർ മാത്രം. കൂറേ പേപ്പറുകള്‍ തുന്നിചേർത്താണ് സർവ്വകലാശാല നൽകിയത്. ഒന്നും രണ്ടും സെമസ്റ്ററുകള്‍ തോറ്റ ശിവരഞ്ജിത്തിന് തുടർന്നുള്ള പരീക്ഷകള്‍ക്ക് ഉയർന്ന മാർക്ക് കിട്ടിയത് നേരത്തെ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ മറ്റ് സെമസ്റ്ററുകളുടെ ഉത്തരപേപ്പറുകളും മാർക്ക് ലിസ്റ്റും പൊലീസ് ചോദിച്ചുവെങ്കിലും സർവ്വകലാശാല ഇതുവരെ നൽകിയില്ല.

ഈ പേപ്പറുകള്‍ ലഭിച്ചാൽ മാത്രമേ ഫൊറൻസിക് പരിശോധനക്ക് നൽകാൻ കഴിയൂ. പരീക്ഷയിൽ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്ന് കയ്യക്ഷരം പരിശോധനയിലൂടെ മാത്രമേ പുറത്തുവരുകയുള്ളൂ. ഇത്രയും ദുരൂഹതകള്‍ പുറത്തുവന്നിട്ടും ഇന്നേവരെ സർവ്വകലാശാലയോ യൂണിവേഴ്‍സിറ്റി കോളേജ് പ്രിൻസിപ്പാളോ പരാതി നൽകാൻ തയ്യാറായിട്ടില്ല. 

പൊലീസ് സ്വമേധായെടുത്ത കേസിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന കന്‍റോണ്‍മെന്‍റ് സിഐയുടെ ശുപാർശയിലും നടപടിയുണ്ടായിട്ടില്ല. ഇതിനിടെ കേസന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് സിഐ അനിൽകുമാർ പരിശീലനത്തിനും പോയതോടെ പരീക്ഷ അട്ടിമറികേസ് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.