മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക

തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കും (Kuthiravattam Mental Health Centre). ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ കൊലപാതകമടക്കമുള്ള സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കുതിരവട്ടം മാനസ്സികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടത്തി

ഇന്ന് രാവിലെ കുതിരവട്ടം മാനസ്സികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് പേ‍ർ ചാടിപോയിരുന്നു. ഇതിൽ ഒരു സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിലാണ് വീണ്ടും ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായത്. ചുമര് തുരന്ന് അന്തേവാസിയായ വനിത ചാടിപ്പോകുകയായിരുന്നു. പഴയ കെട്ടിടത്തിന്‍റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്നാണ് സൂപ്രണ്ട് പറഞ്ഞത്. രാവിലെ അഞ്ചരയ്ക്കായിരുന്നു സംഭവം. മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മർദ്ദനമേറ്റപാടുകൾ, മൂക്കിൽ നിന്നും രക്തം; മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത

അതേസമയം കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണൽ ഡി എം ഒ ഇന്ന് ഡി എം ഒ യ്ക്ക് റിപ്പോർട്ട് നൽകും. ആരോഗ്യ വകുപ്പ് അഡീഷണൽ ഡിഎം ഒ യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്കാകും കൈമാറുക. ഇക്കഴിഞ്ഞ ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി എന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് വിമർശനം. ഇതുൾപ്പടെയുള്ള കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംഭവം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തും. മറ്റ് അന്തേവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു