കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് ഇന്നലെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്. രാവിലെ 10 മണിയോടെ ഷീബയുടെ വീട്ടില്‍ അക്രമി എത്തിയതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. കാര്‍ മോഷ്ടിച്ചത് ഇയാളാണെന്നും പൊലീസ് പറയുന്നു. കുമരകം ഭാഗത്തേക്ക് പോയ കാറിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

പ്രതികളുടെ ലക്ഷ്യം കവര്‍ച്ച തന്നെയായിരുന്നെന്നാണ് ബന്ധുക്കളുടെ നിഗമനം. ഷീബയ്ക്കോ സാലിക്കോ ആരുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നതും സാമ്പത്തിക ഭദ്രതയും ഇതിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഷീബയുടെ സ്വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടതായും കുടുംബം പറഞ്ഞു. സമീപത്തെ വീടുകളില്‍ പ്രായമുള്ളവരാണ് താമസിക്കുന്നതെന്നും ശബ്ദങ്ങള്‍ പുറത്ത് കേള്‍ക്കാതിരുന്നത് ഇതിനാലായിരിക്കാമെന്നും ഇവര്‍ പറയുന്നു. 

രണ്ട് നിലയുള്ള ഷാനി മൻസിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരൻ ഷാനി മൻസിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിക്കുകയായിരുന്നു. 

കോട്ടയം ഫയര്‍ഫോഴ്സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു. രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു

ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്‍റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു.  ഇക്കാരണത്താലാണ് മോഷണ സാധ്യത പൊലീസ് സംശയിക്കുന്നത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.