ആഭ്യന്തര അന്വേഷണം മാത്രമായിരിക്കും നിലവില്‍ നടത്തുക. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കും. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കര്‍ശനമായ നടപടി ഉണ്ടാവുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

തിരുവനന്തപുരം: കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിലെ കൊവിഡ് (Covid 19) പർച്ചേസ് കൊള്ള വ്യക്തമായിട്ടും കൃത്യമായ അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ. വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങാതെ വകുപ്പുതലത്തിൽ സമഗ്ര പരിശോധനയ്ക്കാണ് സർക്കാർ ശ്രമം. വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടിയുണ്ടാകുമെന്നാണ് ഇന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George) പറഞ്ഞത്. 

പിപിഇ കിറ്റുകൾ, എസി, ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയതില്‍ സർവ്വത്ര ക്രമക്കേടാണ് നടന്നത്. ഇറക്കുമതി നിർത്തിവെക്കാനാവശ്യപ്പെട്ടിട്ടും ഒരുകോടി സ്റ്റിറൈൽ ഗ്ലൗസുകൾ മന്ത്രിയുടെ നിർദേശം അട്ടിമറിച്ച് പിന്നെയും ഇറക്കി. മാനദണ്ഡങ്ങൾ വെട്ടിയും തിരുത്തിയും വരെ ഇടുപാടുകൾ നടത്തി. പർച്ചേസ് കൊള്ള പിടിക്കുമെന്നുറപ്പായതോടെ ആറായിരത്തിലധികം ഫയലുകൾ കൂട്ടത്തോടെ നശിപ്പിച്ചു. വൻ കൊള്ളയും അട്ടിമറിയും പകൽ പോലെ വ്യക്തമായിട്ടും പക്ഷെ വിജിലൻസ് അന്വേഷണമില്ല. 

ഫയലുകൾ മായ്ച്ചതടക്കം സർക്കാരിന് തന്നെ വ്യക്തമായ ക്രമക്കേടുകളിൽ ചിലതിൽ മാത്രം നടന്ന ഒറ്റപ്പെട്ട അന്വേഷണങ്ങൾക്ക് പകരം എല്ലാം ചേർത്ത് സമഗ്ര അന്വേഷണത്തിനാണ് ഇപ്പോൾ ആലോചന. അതായത് മന്ത്രിയെ വരെ ധിക്കരിച്ച് തീരുമാനങ്ങൾ അട്ടിമറിച്ചവർക്കെതിരെ അതേവകുപ്പിന്റെ തന്നെ ആഭ്യന്തര അന്വേഷണം. 

ഫയലുകൾ മായ്ച്ച് കളഞ്ഞ അസിസ്റ്റന്റ് മാനേജർക്കെതിരായ സസ്പെൻഷൻ നടപടി ഏറെനാൾ പിടിച്ചുവെച്ച ശേഷം വിവാദമായതോടെയാണ് നടപ്പാക്കിയത്. ഗൗരവമുള്ള ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള മുൻ ജനറൽ മാനേജർക്കെതിരെ ഇപ്പോഴും നടപടിയില്ല. അടിയന്തര സാഹചര്യം കാരണമാണ് പിപിഇ കിറ്റുകൾ മൂന്നിരട്ടി വരെ വിലയ്ക്ക് വാങ്ങേണ്ടി വന്നതെന്നാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഈ പർച്ചേസുകളെ ന്യായീകരിച്ച് പറഞ്ഞത്.

കൊച്ചിയിലെ കെയ്റോൺ കമ്പനിയോട് 550 രൂപയ്ക്ക് പിപിഇ കിറ്റിന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് 2020 ജനുവരി 30 നാണ്. ആ ഫയൽ ഇഴഞ്ഞ് നീങ്ങി രണ്ട് മാസമെടുത്ത് മാർച്ച് 29 ന് പർച്ചേസ് ഓർഡർ നൽകി. 550 രൂപയ്ക്ക് പിപിഇ കിറ്റിന് ഓർഡർ കൊടുത്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാൻഫാർമ എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 1550 രൂപയുടെ പിപിഇ കിറ്റിന് ഓർഡർ നൽകുന്നത്. 550 രൂപയുടെ പിപിഇ കിറ്റിന് ഓർഡറാവാൻ രണ്ട് മാസമെടുത്തപ്പോൾ 1550 രൂപയുടെ കിറ്റ് വാങ്ങാൻ വേണ്ടി വന്നത് ഒരേയൊരു ദിവസം മാത്രമാണ്.