അന്വേഷണസംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്‍റ് കമ്മീഷണ‍‍ർ എൻ എസ് ദേവിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മൊഴി ചോർന്ന സംഭവത്തിൽ തക്കതായ നടപടി വേണമെന്നാണ് കേന്ദ്രസർക്കാരും നൽകിയിരിക്കുന്ന നി‍ർദേശം. 

കൊച്ചി: വിമാനത്താവള കളളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് പ്രിവന്‍റീവ് പ്രാഥമികാന്വേഷണം തുടങ്ങി. മാധ്യമങ്ങൾക്കടക്കം മൊഴി ചോർന്നതെങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് നി‍ർദേശം. പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചശേഷമാകും വിശദമായ അന്വേഷണം വേണമോയെന്ന് തീരുമാനിക്കുക. അന്വേഷണസംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്‍റ് കമ്മീഷണ‍‍ർ എൻ എസ് ദേവിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. 

സ്വപ്ന സുരേഷിന്‍റെ മൊഴിയിലെ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം ചോർന്നതിൽ കേന്ദ്ര സർക്കാരും കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരും കടുത്ത അതൃപ്തിയിലായിരുന്നു. മൊഴിയിലെ ചില പരാമർശങ്ങൾ ബിജെപിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. മൊഴി ചോർന്നതെങ്ങനെയെന്ന് കണ്ടെത്തണമെന്നും നടപടി വേണെന്നും കേന്ദ്ര സർക്കാർ ഉന്നത കേന്ദ്രങ്ങൾ കസ്റ്റംസ് പ്രിവന്‍റീവിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അസി. കമ്മീഷണർ എൻ എസ് ദേവിനെ സ്വർണക്കളളക്കടത്ത് അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കിയത്.