Asianet News MalayalamAsianet News Malayalam

'നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി'; ബ്ലാക്ക് മെയില്‍ കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും

നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

investigation Shamna Kasim case connection with film industry
Author
Kochi, First Published Jun 25, 2020, 11:11 AM IST

കൊച്ചി: നടി ഷംന കാസിമിന് എതിരായ ബ്ലാക്‌മെയ്‌ലിംഗ് കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കമ്മീഷണർ. തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ സിനിമാ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്നാണ് അന്വേഷിക്കുക. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതുവരെ നാല് പ്രതികളാണ് കേസില്‍ പൊലീസ് പിടിയിലായത്. ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു.  അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. തട്ടിപ്പുകാര്‍ നടിമാരെയും പ്രമുഖരെയും സമീപിക്കുന്നത് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകാനാണ്. പ്രതികള്‍ മുമ്പ് പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട് .ചൂഷണത്തിന് ഇരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും വിജയ് സാഖറെ പറഞ്ഞു.

ഷംന കാസിമിന് പൂർണ്ണ പിന്തുണയാണ് താരസംഘടന 'അമ്മ' നല്‍കിയിരിക്കുന്നത്. നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അമ്മ നേതൃത്വം അറിയിച്ചു. നേരത്തെ, തട്ടിപ്പിന്‍റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരുന്നു. മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്തതായാണ് വിവരം. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും. 

ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പൊലീസ് പറഞ്ഞു. മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു. 

വിവാഹ ആലോചനയ്‍ക്കെന്ന പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. കോഴിക്കോട് സ്വദേശികളെന്ന് പരിചയപ്പെടുത്തിയ ഇവർ തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് അവകാശപ്പെട്ടത്. വിശ്വസനീയമായി തോന്നിയതിനാലാണ് വീട്ടിൽ വരുന്നത് എതിർക്കാഞ്ഞതെന്ന് ഷംനയുടെ കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂൺ മൂന്നിന് വരന്‍റെ ബന്ധുക്കളെന്ന് പരിചയപ്പെടുത്തി കുറച്ചുപേർ വീട്ടിൽ വന്നപ്പോൾ പെരുമാറ്റത്തിൽ പന്തികേട് തോന്നി. ഇവർ വീടിന്‍റെയും വാഹനങ്ങളുടെയും ഫോട്ടോയും വീഡിയോയുമെടുത്തതും സംശയമുണ്ടാക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും ഷംനയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു. 

Read More: ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്‍ത കേസ്; പ്രതികള്‍ മറ്റൊരു നടിയെയും മോഡലിനെയും കെണിയില്‍പ്പെടുത്തി



Follow Us:
Download App:
  • android
  • ios