സിസിടിവി ദൃശ്യങ്ങളും ഫോൺ വിളി വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായ മൊബൈൽ നമ്പറുകളുടെ ഫോൺ വിളി വിശദാംശങ്ങള്‍ക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി. 

പാലക്കാട്: പാലക്കട്ടെ ഇരട്ട കൊലപാതകത്തില്‍ (palakkad double murder) ഇരുട്ടിൽ തപ്പി അന്വേഷണ സംഘം. രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ ആയില്ല. ദൃക്‌സാക്ഷികളിൽ നിന്നും കാര്യമായ വിവരങ്ങളില്ല. സിസിടിവി ദൃശ്യങ്ങളും ഫോൺ വിളി വിശദാംശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയാസ്പദമായ മൊബൈൽ നമ്പറുകളുടെ ഫോൺ വിളി വിശദാംശങ്ങള്‍ക്കായി മൊബൈൽ കമ്പനികൾക്ക് കത്ത് നൽകി. ശ്രീനിവാസൻ കേസിൽ രണ്ട് പേരെയും സുബൈർ കേസിൽ നാല് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വച്ചാണ് സര്‍വ്വകക്ഷിയോഗം നടക്കുക. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. സ്പീക്കർ എം ബി രാജേഷ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. ബിജെപി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാവും യോഗത്തിനെത്തുക. നിലപാട് തീരുമാനിക്കാന്‍ രാവിലെ ബിജെപി നേതാക്കള്‍ യോഗം ചേരും.