എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു ഉൾപ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്.
പാലക്കാട്: സ്വപ്ന പ്രതിയായ സർക്കാരിനെതിരായ ഗൂഢലോചനക്കേസിൽ എച്ച്ആര്‍ഡിഎസ് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യു ഉൾപ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുത്തത്.
സ്വപ്നയെ കാണാൻ ആരൊക്കെ വന്നു തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എച്ച്ആര്‍ഡിഎസിലെ മുൻ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മുൻ ഡ്രൈവർ, ഫ്ലാറ്റിലെ സഹായി എന്നിവരുടെ മൊഴിയാണ് എടുത്തത്. സരിത്തിനെ വിജിലൻസ് അപ്രതീക്ഷിതമായി കസ്റ്റഡിയിൽ എടുത്ത ദിവസമാണ് ഇരുവരും ജോലി ഒഴിഞ്ഞത്.
- അഗ്നിവീർമാർക്ക് നിയമനം നൽകുമെന്ന് എച്ച്ആർഡിഎസ്, പ്രതിവർഷം 5,000 പേരെ നിയമിക്കും
പാലക്കാട്: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിൽ നിയമനം കിട്ടി പുറത്തുവരുന്നവർക്ക് ജോലി നൽകുമെന്ന് എച്ച്ആർഡിഎസ് (HRDS). 2026 മുതൽ റിക്രൂട്ട്മെന്റ് തുടങ്ങുമെന്നും എച്ച്ആർഡിഎസ് അധികൃതർ പാലക്കാട് വ്യക്തമാക്കി. പ്രതിവർഷം അയ്യായിരം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. എച്ച്ആർഡിഎസിന്റെ ഭവന നിർമാണ പദ്ധതിയിൽ സൂപ്പർവൈസർ മുതലുള്ള ജോലികളാകും നീക്കി വയ്ക്കുക. പ്രതിമാസം 25,000 മുതൽ 50,000 രൂപ വരെ ശമ്പളം നൽകുമെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രിക്കും സേനാ മേധാവിമാർക്കും കത്ത് നൽകിയതായും എച്ച്ആർഡിഎസ് പാലക്കാട് പറഞ്ഞു.
'സദ്ഗൃഹ' എന്ന പേരിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഇവരെ ഭാഗമാക്കുമെന്നാണ് വാഗ്‍ദാനം. ഇതിന് പുറമേ, കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കുന്ന ദീന ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന പദ്ധതിയിലൂടെ രണ്ടായിരം പേർക്കും പ്രതിവർഷം നിയമനം നൽകും. അഗ്നിപഥിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി ഇന്ത്യയിലും വിദേശത്തും ജോലി നൽകുമെന്നും എച്ച്ആർഡിഎസ് പ്രഖ്യാപിച്ചു.
