സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ  പ്രധാന പ്രതി പ്രവീണ്‍ റാണയ്ക്കെതിരെ 260 കേസുകളാണ് പന്ത്രണ്ട് ജില്ലകളിലായുണ്ടായിരുന്നത്

തൃശൂർ: മുന്നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതി പ്രവീണ്‍ റാണ ജാമ്യം നേടി പുറത്തിറങ്ങാന്‍ അന്വേഷണ സംഘം വഴിയൊരുക്കിക്കൊടുത്തെന്ന് നിക്ഷേപകര്‍. റാണ അറസ്റ്റിലായി പത്തുമാസം പിന്നിട്ടിട്ടും ഒരു കേസില്‍ പോലും കുറ്റപത്രം നല്‍കിയില്ല. അന്വേഷണ ഏജന്‍സികള്‍ റാണയെ സഹായിക്കുകയായിരുന്നെന്ന് നിക്ഷേപകരുടെ കൂട്ടായ്മാ പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ പ്രധാന പ്രതി പ്രവീണ്‍ റാണയ്ക്കെതിരെ 260 കേസുകളാണ് പന്ത്രണ്ട് ജില്ലകളിലായുണ്ടായിരുന്നത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തിന്ശേഷം വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്നു റാണ പുറത്തിറങ്ങിയത്. ഇതിന് പൊലീസും ക്രൈംബ്രാഞ്ചും ഒത്താശ ചെയ്തു എന്നാണ് ആരോപണം.

കഴിഞ്ഞ ജനുവരി 11 നാണ് റാണ അറസ്റ്റിലാവുന്നത്. അതിന് ഒരു മാസം മുൻപേ റാണയ്ക്കെതിരെ പൊലീസില്‍ പരാതിയെത്തിയിരുന്നു. കേസെടുത്ത പൊലീസും പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഒന്നില്‍ പോലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഒരു കേസില്‍ റാണ ജാമ്യം നേടുമ്പോൾ അടുത്ത കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ രീതി. ഹൈക്കോടതിയില്‍ റാണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പുതുതായെടുക്കുന്ന കേസില്‍ ക്രിനിമല്‍ നടപടി ക്രമം സെക്ഷന്‍ 41 പ്രകാരം നോട്ടീസ് നല്‍കി ചോദ്യം ചെയ്താല്‍ മതിയെന്ന കോടതി നിര്‍ദ്ദേശവും വന്നിരുന്നു. അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന സാധ്യത മുന്നിലുണ്ടായിട്ടും അന്വേഷണ സംഘം ഒരു കേസിലും കുറ്റപത്രം സമര്‍പ്പിക്കാനും തുനിഞ്ഞില്ല. പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ എട്ടുമാസം വരെ വൈകിയെന്ന ആരോപണവും നിക്ഷേപകര്‍ ഉയര്‍ത്തുന്നു. റാണയുടെ ആസ്തി മരവിപ്പിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. 

പ്രവീണ്‍ റാണ ജാമ്യം

നിക്ഷേപ തട്ടിപ്പ് കേസ്; പ്രവീൺ റാണക്ക് ജാമ്യം, ജയിൽ മോചിതനായി